രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തിന് പിന്നാലെ അജിത് ഡോവലും; ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നു

ഹനോയ് ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തിനു പിന്നാലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിയറ്റ്നാം തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. നവംബർ ഒന്നിന് വിയറ്റ്നാമിൽ എത്തിയ ഡോവൽ, കഴിഞ്ഞ ദിവസം ഒരു ബുദ്ധക്ഷേത്രം സന്ദർശിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പര്യടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകമറിയുന്നത്. വിയറ്റ്നാമിലെ ഉന്നത സുരക്ഷാ-പ്രതിരോധ നേതൃത്വവുമായി അദ്ദേഹം തിങ്കളാഴ്ച സുപ്രധാന ചർച്ചകൾ നടത്തിയിരുന്നു.
സൈബർ സുരക്ഷ, പ്രതിരോധ മേഖലയിലെ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിലെ ഏകോപനം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി വിയറ്റ്നാം മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച വിയറ്റ്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ഗിയാങ്, സുരക്ഷാ മന്ത്രി ജനറൽ ലുവോങ് ടാം ക്വാങ് എന്നിവരുമായി അജിത് ഡോവൽ പ്രത്യേകം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രതിരോധ രംഗത്ത് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സഹകരണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യ സന്ദർശിച്ചപ്പോൾ, ഇന്ത്യയിൽനിന്നും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ സ്വന്തമാക്കുന്നതിനായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യ വിയറ്റ്നാമിന് പട്രോളിങ് ബോട്ടുകളും കൈമാറുകയുണ്ടായി. അതിർത്തി തർക്കങ്ങൾ ഉൾപ്പെടെ ചൈനയിൽനിന്നുണ്ടാകുന്ന വെല്ലുവിളികൾ മുൻനിർത്തി, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വിയറ്റ്നാം വലിയ മുൻഗണനയാണ് നൽകുന്നത്. ദക്ഷിണ ചൈന കടലിലെ ചൈനീസ് കടന്നുകയറ്റങ്ങളെയും അവകാശവാദങ്ങളെയും ശക്തമായി എതിർക്കുന്ന രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഈ സാഹചര്യത്തിൽ, അജിത് ഡോവലിന്റെ സന്ദർശനവേളയിലെ രഹസ്യാന്വേഷണ വിവര കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധേയമാണ്.




