NEWS

ഓൺലൈൻ ഫീസ് അടയ്ക്കൽ: സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയിൽ വലഞ്ഞ് വിദ്യാർഥികൾ

പെരുമ്പിലാവ് ∙ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയാലും, എംബിബിഎസ്, ബിഡിഎസ്, എംഡി, എംഎസ്, എംഡിഎസ് തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ റജിസ്ട്രേഷൻ സാധാരണക്കാരായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. അഡ്മിഷൻ പ്രക്രിയയിലെ സീറ്റ് ബ്ലോക്കിങ് ഒഴിവാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും (എംസിസി) വിവിധ സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ള ഭീമമായ സെക്യൂരിറ്റി ഡിപ്പോസിറ്റാണ് ഇതിനു കാരണം.

അഖിലേന്ത്യാ ക്വോട്ടയിലോ സ്വന്തം സംസ്ഥാനത്തോ സീറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തവർ, പ്രവേശന സാധ്യത വർധിപ്പിക്കാനായി ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേസമയം അപേക്ഷ സമർപ്പിക്കുമ്പോൾ മൊത്തത്തിൽ അഞ്ച് ലക്ഷം രൂപയിലധികം തുക മുൻകൂറായി കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്. കൽപിത സർവകലാശാലകളിലെ പിജി, യുജി പ്രവേശനത്തിന് എംസിസി കൗൺസലിങ്ങിലൂടെ രണ്ട് ലക്ഷം രൂപ ഡിപ്പോസിറ്റും അയ്യായിരം രൂപ ഫീസും ഉൾപ്പെടെ മൊത്തം 2,05,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. സർക്കാർ ക്വോട്ടയിലെ സീറ്റുകൾക്ക് ബിരുദ തലത്തിൽ 10,000 രൂപയും പിജി തലത്തിൽ 25,000 രൂപയുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഈ തുകയിൽ വലിയ അന്തരമാണുള്ളത്. സ്വകാര്യ മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകൾക്ക് രാജസ്ഥാനിൽ അഞ്ച് ലക്ഷം രൂപയും ഉത്തർപ്രദേശിൽ രണ്ട് ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. ബിഹാറിൽ സ്വകാര്യ എംബിബിഎസ് സീറ്റുകൾക്ക് രണ്ട് ലക്ഷം രൂപയും തമിഴ്നാട്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാനേജ്മെന്റ് സീറ്റുകൾക്കായി ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയും ഡിപ്പോസിറ്റ് നൽകണം. കർണാടകയിലാകട്ടെ, യുജി കൗൺസലിങ്ങിന്റെ മൂന്നാം ഘട്ടത്തിൽ സീറ്റുകളുടെ സ്വഭാവമനുസരിച്ച് ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് മുൻകൂർ തുകയായി ഈടാക്കുന്നത്.

കേരളത്തിൽ യുജി പ്രവേശനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ഫീസില്ലെങ്കിലും സ്ട്രേ വേക്കൻസി റൗണ്ടിൽ 10,000 മുതൽ 25,000 രൂപ വരെ അടയ്ക്കണം. പിജിക്ക് ആദ്യ ഘട്ടം മുതൽ തന്നെ 10,000 രൂപയും സംവരണ വിഭാഗക്കാർക്ക് 5,000 രൂപയുമാണ് ഫീസ്. കൗൺസലിങ് ഘട്ടങ്ങളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന ഇത്തരം കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക കുറയ്ക്കുകയോ റീഫണ്ട് നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കുകയോ ചെയ്താൽ മാത്രമേ സാധാരണക്കാരായ വിദ്യാർഥികൾക്ക് ആശങ്കകളില്ലാതെ മെഡിക്കൽ പ്രവേശന പ്രക്രിയയിൽ പങ്കാളികളാകാൻ സാധിക്കുകയുള്ളൂ.

Fashion ⏭️

Back to top button