ഫ്രിഡ്ജുകൾ ഹാക്ക് ചെയ്യുന്ന സൈബർ സംഘം: യൂറോപ്പിൽ ഭക്ഷ്യസുരക്ഷാ ഭീഷണി; ആശുപത്രികളും പ്രതിസന്ധിയിൽ

ബ്രസൽസ്∙ യൂറോപ്യൻ സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളെ ലക്ഷ്യം വെച്ചുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശീതീകരണ സംവിധാനങ്ങൾ സുരക്ഷാ ഭീഷണിയിൽ ഓൺലൈനിൽ തുറന്നുകിടക്കുന്നതായി പുതിയ റിപ്പോർട്ട്. ആശുപത്രികളിലും കൃഷിയിടങ്ങളിലും ഉപയോഗിക്കുന്നവയുൾപ്പെടെയുള്ള ഭൂരിഭാഗം ശീതീകരണ സംവിധാനങ്ങളും കാലഹരണപ്പെട്ട സോഫ്റ്റ്വെയറുകളിൽ പ്രവർത്തിക്കുന്നവയാണ്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബെൽജിയത്തിൽ മാത്രം നിരവധി സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകൾ തകരാറിലായതിനെത്തുടർന്ന് ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് കേടായി നശിച്ചത്. ഡെൽഹൈസ്, കാർഫൂർ, സ്പാ തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളെയാണ് ഈ സൈബർ ആക്രമണം കാര്യമായി ബാധിച്ചത്. ഫ്രിഡ്ജുകളുടെ താപനില ക്രമാതീതമായി വർധിച്ച് 70 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി പഠനങ്ങളിൽ വ്യക്തമാകുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലും സമാനമായ രീതിയിൽ കൃത്രിമം നടന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
∙ എന്തൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ? ശീതീകരണ സംവിധാനങ്ങളുടെ സുരക്ഷാ കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ‘ഫോർസ്കൗട്ട്’ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്. സോഫ്റ്റ്വെയർ കരാറുകാരും, സംവിധാനം ഉപയോഗിക്കുന്ന സൂപ്പർമാർക്കറ്റ് അധികൃതരും, ഇന്റർനെറ്റ് കണക്ഷൻ കൈകാര്യം ചെയ്യുന്ന ഐടി വിഭാഗവും വെവ്വേറെ പ്രവർത്തിക്കുന്നതിനാൽ സുരക്ഷാ സംവിധാനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നു. കൂടാതെ, പല ഉപകരണങ്ങളും വളരെ പഴയതുമാണ്. ഉദാഹരണത്തിന്, ഡാൻഫോസിന്റെ ഒരു കൺട്രോളർ 2021 മേയ് മുതൽ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കാത്ത രീതിയിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ്. ഇത് ഹാക്കർമാർക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാനും നിയന്ത്രണം ഏറ്റെടുക്കാനും വഴിയൊരുക്കുന്നു.




