വീണ വിജയനെതിരായ കെഎസ്യു പ്രതിഷേധം: സമരത്തെ പെരുപ്പിച്ചുകാട്ടിയെന്ന് എസ്ഐടി റിപ്പോർട്ട്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്യു പ്രതിഷേധം, വീണാ ജോർജ് ( കേരളകൗമുദി ഫയൽ ചിത്രം)
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിനിടെ ആക്രമണം നടന്നുവെന്നാരോപിച്ച് കെഎസ്യു പ്രവർത്തകർക്കെതിരെ ചുമത്തിയ കേസിലെ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. കണ്ണൂർ ജെഎഫ്സിഎം കോടതിയിലാണ് എസ്ഐടി തലവൻ യു. പ്രേമൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിഷേധക്കാർ കുറ്റകരമായ യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. കലാപമുണ്ടാക്കാൻ ശ്രമിച്ചു, റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കടന്നു തുടങ്ങിയ ആരോപണങ്ങൾക്കൊന്നും തെളിവില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും റിപ്പോർട്ടിലുണ്ട്.
പ്രവർത്തകർ മന്ത്രിയെ ഉപദ്രവിച്ചിട്ടില്ലെന്ന് നേരത്തെ തന്നെ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർക്ക് മന്ത്രിയുടെ അടുത്തേക്ക് എത്താൻ സാധിച്ചിരുന്നില്ലെന്നും, സംഭവം പെരുപ്പിച്ചുകാണിക്കുകയായിരുന്നുവെന്നുമാണ് വിവരം. ആക്രമണം നടന്നതായി ആദ്യം മൊഴി നൽകിയ ഗൺമാൻ പിന്നീട് അത് മാറ്റിയതും കേസിനെ ദുർബലമാക്കി. പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിലുള്ള ഉന്തും തള്ളും മാത്രമാണ് നടന്നതെന്നും, ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന ആയുധങ്ങൾ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
2026 ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്. അന്ന് മന്ത്രിക്ക് പരിക്കേറ്റുവെന്നാരോപിച്ച് വധശ്രമം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചേർത്താണ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നത്.
പ്രതിഷേധം നടക്കുന്ന സമയം മന്ത്രിയെ ആക്രമിക്കുന്നത് നേരിൽ കണ്ടുവെന്നായിരുന്നു ഗൺമാനായ അഭിലാഷ് ആദ്യം അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ, പിന്നീട് ഈ മൊഴി തിരുത്തി. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അത്തരമൊരു മൊഴി നൽകിയതെന്നും താൻ ആക്രമണം നേരിട്ട് കണ്ടിട്ടില്ലെന്നും ഗൺമാൻ വെളിപ്പെടുത്തി. ഈ കാര്യങ്ങളും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊഴി മാറ്റിയ ഗൺമാന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ഡിജിപിയുടെ വിവേചനാധികാരത്തിൽപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
RELATED TOPICS: VEENA GEORGE, KSU PROTEST, KANNUR RAILWAY STATION, SIT REPORT, VEENA GEORGE ATTACK CASE




