NEWS
‘മലപ്പുറത്തെ ആകെ വെട്ടിമുറിക്കില്ല; പുതിയ ജില്ല ജനങ്ങൾക്കു വേണ്ടി; സേവനങ്ങൾ നീതിപൂർവം വിതരണം ചെയ്യണം’

1969 ൽ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭയുടെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. പാലക്കാടിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങൾ ചേർത്ത് ജില്ല രൂപീകരിക്കുന്നതിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ നിർണായകമായിരുന്നു. അന്ന് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ പ്രതിഷേധിച്ചവരുടെ മുൻനിരയിൽ കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു. അതിനു ശേഷം സംസ്ഥാനത്ത് പല ജില്ലകൾ പിറന്നു. ഏറ്റവും അവസാനം രൂപീകരിക്കപ്പെട്ടത് കാസർകോട് ജില്ലയാണ്; 1984 ൽ. 42 വർഷത്തിനു ശേഷം വീണ്ടുമൊരു ജില്ലാ പുനഃക്രമീകരണ ചർച്ച ഉയർന്നുവരുമ്പോൾ അതിന്റെ കേന്ദ്ര സ്ഥാനത്ത് മലപ്പുറമുണ്ട്. എറണാകുളം ജില്ലയുടെ മലയോര മേഖലകൾ ചേർത്ത് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുകയെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇനിയൊരു ജില്ലയുണ്ടെങ്കിൽ അതു മൂവാറ്റുപുഴയാണെന്നു മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ പ്രഖ്യാപിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു. ജില്ലാ പുനഃക്രമീകരണത്തെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രഖ്യാപിച്ചതു മൂവാറ്റുപുഴയിലാണ്. അതിനു പിന്നാലെ, മലപ്പുറത്തിന്റെ പുനഃക്രമീകരണമെന്ന ദീർഘകാല ആവശ്യം വീണ്ടും ഉയർന്നുവരികയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിൽ മുസ്ലിം ലീഗിന്റെ സമ്മർദമുണ്ടെന്ന രീതിയിലുള്ള പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞു. ∙ ജില്ലകളുടെ പുനഃക്രമീകരണം എന്തിന്റെ അടിസ്ഥാനത്തിലായിരിക്കണം? നിലവിൽ സർക്കാർ സംവിധാനങ്ങളുടെ വിതരണം ജില്ലകളും താലൂക്കുകളും കേന്ദ്രീകരിച്ചാണ്. അതുകൊണ്ടു തന്നെ ഭീകരമായ അന്തരം ഇക്കാര്യത്തിലുണ്ട്. ഉദാഹരണം പറഞ്ഞാൽ ഇത് എളുപ്പം മനസ്സിലാകും. മലപ്പുറം ജില്ലയിൽ 42 ലക്ഷം ജനങ്ങളുണ്ടെന്നാണ് കണക്ക്. തൃശൂർ ജില്ലയിൽ 32 ലക്ഷവും. മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ എണ്ണം 138 ആണ്. തൃശൂർ ജില്ലയിൽ 253 വില്ലേജ് ഓഫിസുകളുണ്ട്. മലപ്പുറത്ത് 31000 പേർക്ക് സേവനം നൽകാൻ ഒരു വില്ലേജ് ഓഫിസാണ് ഉള്ളതെങ്കിൽ തൃശൂരിൽ 12600 പേർക്ക് ഒരു വില്ലേജ് ഓഫിസുണ്ട്. എല്ലാ കാര്യത്തിലും ഈ അന്തരമുണ്ട്. ജനങ്ങൾക്കു നീതിപൂർവകമായി സർക്കാർ സംവിധാനങ്ങൾ വിതരണം ചെയ്യണം. ഇതു സാധ്യമാകണമെങ്കിൽ ജനസംഖ്യാനുസൃതമായി ജില്ലകൾ പുനഃക്രമീകരിക്കണം.
Fashion ⏭️


