NEWS
വനിതാ കായിക മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ വനിതകൾക്ക് വിലക്ക്; സംസ്ഥാനങ്ങൾക്ക് അനുമതി നൽകി യുഎസ് സുപ്രീം കോടതി

വാഷിങ്ടൻ ∙ സ്കൂളുകളിലെയും കോളജുകളിലെയും വനിതാ കായിക മത്സരങ്ങളിൽ നിന്ന് ട്രാൻസ്ജെൻഡർ വനിതകളെ വിലക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി യുഎസ് സുപ്രീം കോടതിയുടെ വിധി. ട്രാൻസ്ജെൻഡർ വനിതകളുടെ പങ്കാളിത്തം നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന നിയമങ്ങളെ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ സുപ്രധാന തീരുമാനം. ഐഡഹോ, വെസ്റ്റ് വെർജീനിയ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർഥികളാണ് വിലക്കിനെതിരെ കോടതിയെ സമീപിച്ചത്. ജനനസമയത്ത് രേഖപ്പെടുത്തിയ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പൊതുവിദ്യാലയങ്ങളിലെയും കോളജുകളിലെയും കായിക ടീമുകളിൽ മത്സരിക്കാവൂ എന്ന് ഈ സംസ്ഥാനങ്ങൾ നിയമം മൂലം വ്യവസ്ഥ ചെയ്തിരുന്നു. ഈ നിരോധനം യുഎസ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശങ്ങളുടെ ലംഘനമാണെന്ന് ഒരു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ പൗരാവകാശ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നായിരുന്നു രണ്ടാമത്തെ ഹർജിയിലെ വാദം.
Source link


