NEWS

‘സർക്കാർ ധവളപത്രം വസ്തുതാവിരുദ്ധമായവ കുത്തിനിറച്ചത്; ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം’


തിരുവനന്തപുരം∙ യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ കുത്തിനിറച്ചതാണെന്നും അതുകൊണ്ടാണ് വസ്തുതകളുടെ ധവളപത്രം സിപിഎം പുറത്തിറക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിനെതിരെ എകെജി പഠന ഗവേഷണകേന്ദ്രം തയാറാക്കിയ ബദല്‍ ധവളപത്രം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പത്തു വര്‍ഷം ഭരിച്ചപ്പോള്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായെന്ന തെറ്റായ പ്രചാരമണ് യുഡിഎഫ് ഉന്നയിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച വാദങ്ങള്‍ പൊളിഞ്ഞതോടെ, സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങള്‍ മുന്‍കൂട്ടി ന്യായീകരിക്കാനാണ് യുഡിഎഫ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. ലക്ഷം കോടിക്ക് മുകളില്‍ ബാധ്യത എന്ന് പ്രചരണം നടത്തുന്ന സതീശന്‍ സര്‍ക്കാരിന്, ഇതിനെ സാധൂകരിക്കുന്ന ഒന്നും അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ കടബാധ്യത, ആഭ്യന്തര വരുമാനവും കടബാധ്യതയും തമ്മിലുള്ള അനുപാതം എന്നിവ ഇടതു ഭരണകാലത്തു കുറയുകയാണ് ചെയ്തത്. എന്നാല്‍ ഈ കണക്കുകള്‍ പൂര്‍ണമായി മറച്ചുവയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നിട്ട് അഞ്ചു ലക്ഷം കോടിയില്‍ പരം കടമുണ്ട് എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണെന്നും പിണറായി പറഞ്ഞു.


Fashion ⏭️

Back to top button