NEWS
ഗൾഫിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; അപലപിച്ച് യുഎഇ, മുന്നറിയിപ്പുമായി അമേരിക്ക

അബുദാബി∙ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് വ്യക്തമാക്കിയ യുഎഇ വിദേശകാര്യ മന്ത്രാലയം, ഈ രാജ്യങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്നും മൂന്ന് അറബ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണ ശ്രമങ്ങളുണ്ടായി. ജോർദാൻ സേന 4 മിസൈലുകളും 6 ഡ്രോണുകളും വെടിവച്ചിട്ടപ്പോൾ, കുവൈത്ത് സൈന്യം ശത്രു ഡ്രോണുകളെ പ്രതിരോധിച്ചു. സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് ബഹ്റൈനിൽ ആളുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സ്ഫോടനത്തിൽ എണ്ണക്കപ്പലിന് തീപിടിച്ചു. പ്രദേശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും കടലിടുക്ക് പൂർണമായി അടച്ചതായും ഇറാന്റെ റവല്യൂഷണറി ഗാർഡ് അറിയിച്ചു. അതേസമയം, സമുദ്രപാതയിലെ സുരക്ഷ ഉറപ്പാക്കാൻ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമായി തുടരുമെന്ന് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.
Fashion ⏭️


