NEWS

‘തുടരണമെങ്കിൽ മെച്ചമുണ്ടാകണം, അത് സാമ്പത്തികമായിട്ട് ആണെങ്കിൽ അങ്ങനെ’; അഖിൽ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20


കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർഥിയായിരുന്ന അഖിൽ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20. താൻ പാർട്ടിയിൽ തുടരണമെങ്കിൽ അതുകൊണ്ട് മെച്ചമുണ്ടാകണമെന്നും അതല്ലെങ്കിൽ‍ തനിക്ക് നഷ്ടം മാത്രമേയുള്ളൂ എന്ന അഖിലിന്റെ ഫോൺ സംഭാഷണമാണ് ട്വന്റി 20 പാർട്ടി തങ്ങളുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തു വിട്ടത്. നേരത്തെ, ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് തന്നെ ചതിച്ചെന്നും പണത്തിനു വേണ്ടിയാണ് സാബു കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും അഖിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ട്വന്റി 20യിൽ നിന്ന് അഖിൽ രാജിവയ്ക്കുകയും ചെയ്തിരുന്നു. ട്വന്റി 20ക്കെതിരായ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് അഖിലിന്റേതായ സംഭാഷണം പുറത്തു വന്നിരിക്കുന്നത്. ‘‘രാഷ്ട്രീയ പാർട്ടിയിൽ തുടരണമെങ്കിൽ കൃത്യമായ അക്കൊമഡേഷൻ ഉണ്ടാകണം. ഇത് ഞാൻ തുറന്നു പറയുകയാണ്. അത് സാമ്പത്തികമായിട്ട് ആണെങ്കിൽ അങ്ങനെ. കാരണം നമുക്ക് ജീവിക്കണം. ഞാന്‍ അങ്ങനെ ജീവിച്ചു വന്നയാളാണ്. കോൺഗ്രസും ബിജെപിയും ദേശീയ പാർട്ടികളാണ്. അതിന്റേതായ വിലയുണ്ട്. ട്വന്റി 20ക്ക് അതില്ല. അതല്ല എങ്കിൽ കേന്ദ്രത്തിന്റെ ഏതെങ്കിലും ബോർഡ് ചോദിച്ചു വാങ്ങണം. കാരണം ഇതിൽ വന്നിട്ട് നഷ്ടങ്ങൾ മാത്രമേയുള്ളൂ. ഈ പാർട്ടിയിൽ ചേരാനുള്ള തീരുമാനം എടുക്കാനുള്ള കാരണം കൊട്ടാരക്കര സീറ്റ് മാത്രമായിരുന്നു’’ – ട്വന്റി 20 പുറത്തുവിട്ട സംഭാഷണം ഇങ്ങനെയാണ്. ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു സംഭാഷണം ഉണ്ടായത് എന്നോ ആരോടാണ് സംസാരിക്കുന്നത് എന്നോ ഉള്ള കാര്യങ്ങൾ ട്വന്റി 20 വ്യക്തമാക്കിയിട്ടില്ല.


Fashion ⏭️

Back to top button