NEWS

അൾജീരിയയെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം; 27 മരണം, രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം


അൾജിയേഴ്സ്∙ അൾജീരിയയിൽ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ 39 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രി മുഹമ്മദ് സിദ്ദീഖ് ഐത് മസ്ഊദീൻ അറിയിച്ചു. തലസ്ഥാനമായ അൾജിയേഴ്സിന് കിഴക്കുള്ള തീരദേശ പട്ടണമായ ബൂമെർദാസിന് സമീപമാണ് അപകടമുണ്ടായത്. ബസ് റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ റോഡപകടങ്ങളിൽ ഒന്നാണിത്. വിവരം ലഭിച്ചയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. റോഡിലെ അപകടകരമായ വളവാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നതായി സംഭവസ്ഥലത്തുണ്ടായിരുന്ന റയാദ് ഫെർകിയോയി പറഞ്ഞു. സിവിൽ ഡിഫൻസ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും നിരവധി പേരെ കൊക്കയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തതായി മറ്റൊരു ദൃക്‌സാക്ഷിയായ ബിലാൽ ബെൻസാലിം എഎഫ്പിയോട് പറഞ്ഞു.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Blancoskbl എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)


Fashion ⏭️

Back to top button