NEWS
‘ടാൽറോപ്’ കമ്പനിയിലെ ശമ്പള കുടിശിക; പരാതി പ്രവാഹം, നടപടിയെടുക്കാതെ കമ്പനി

കൊച്ചി ∙ കൊച്ചി ആസ്ഥാനമായ ‘ടാൽറോപ്’ എന്ന ടെക്–ഇകോസിസ്റ്റം കമ്പനിയിൽ നിന്ന് ശമ്പള കുടിശിക ആവശ്യപ്പെട്ട് എറണാകുളം ലേബർ ഓഫിസിൽ നൽകിയ പരാതികൾക്ക് കമ്പനി നൽകിയത് പുല്ലുവില. കണ്ണൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം തുടങ്ങി ഒട്ടേേറെ ജില്ലകളിൽ നിന്നുള്ള ജീവനക്കാർ ലേബർ ഓഫിസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലേബർ ഓഫിസിൽ നിന്ന് ടാൽറോപ്പിൽ അന്വേഷണം നടന്നിരുന്നു. തുടക്കത്തിൽ ഏതാനും പരാതികളിൽ തീർപ്പുണ്ടാക്കിയെങ്കിലും പരാതികൾ കൂടി വന്നതോടെ നോട്ടിസുകളോട് പ്രതികരിക്കാൻ പോലും കമ്പനി തയാറായില്ല എന്നാണ് ജീവനക്കാരെ ലേബർ ഓഫിസ് അറിയിച്ചത്. തൊഴിലുടമ ഓഫിസിൽ ഹാജരായി മറുപടി നൽകാത്തതിനാൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതിയെ സമീപിച്ച് പ്രശ്നപരിഹാരം തേടാവുന്നതാണെന്ന് ലേബർ ഓഫിസ് ജീവനക്കാരെ അറിയിക്കുകയും ചെയ്തു. കമ്പനിയുടെ വിവിധ ജില്ലകളിലായുള്ള 300ലേറെ ജീവനക്കാരാണ് ഇത്തരത്തിൽ 11 മാസം മുതലുള്ള ശമ്പള കുടിശികയ്ക്ക് വേണ്ടി രാപ്പകൽ കയറി ഇറങ്ങുന്നത്. തങ്ങളുടെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ഒട്ടേരെ ജീവനക്കാരാണ് ലേബർ ഓഫിസിനെ സമീപിച്ചത്. എന്നാൽ ടാൽറോപ്പിന്റെ ജീവനക്കാർ എന്ന നിലയിലല്ല, അതിന്റെ ഉപകമ്പനികളായ 21 എണ്ണത്തിലെ ജീവനക്കാരാണ് തങ്ങൾ എന്നാണ് പരാതി നൽകാൻ എത്തിയവർ അറിയുന്നത്. ഇതോടെ, ലേബർ നിയമങ്ങൾ അടക്കം ബാധകമാകാത്ത വിധത്തിലായി കാര്യങ്ങളെന്നും ജീവനക്കാർ പറയുന്നു. ലേബർ ഓഫിസില്‍ നിന്നുള്ള നോട്ടിസുകളോട് കമ്പനി പ്രതികരിച്ചതുമില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 25ലേറെ ‘വില്ലേജ് പാർക്കു’കളും അഞ്ചോളം ‘ടെക്കീസ് പാർക്കു’കളും സ്ഥാപിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് 300ലേറെ പേർ. ഇതിനൊപ്പം, കേരളത്തെ സിലിക്കൺവാലിയാക്കുക എന്ന പ്രഖ്യാപനവും കമ്പനി നടത്തിയിരുന്നു. 100ലേറെ േപരിൽ നിന്നു നിക്ഷേപം സ്വീകരിച്ചാണ് കമ്പനി പ്രവർത്തിച്ചിരുന്നത് എന്നാണ് ജീവനക്കാർ പറയുന്നത്.
Source link


