NEWS
‘ഓണത്തിന് തീർച്ചയായും വരാം;’ കാതിൽ മുഴങ്ങുന്നു ആ വാക്കുകൾ; അനീഷിനായി തിരച്ചിൽ തുടരുന്നു

പാമ്പാടി ∙ ‘ഓണത്തിനു തീർച്ചയായും വരാം…’ യാത്രപറയുമ്പോൾ അനീഷ് മോഹൻ പറഞ്ഞ ആ വാക്കുകളാണ് ഇപ്പോൾ വെള്ളൂർ പത്താഴക്കുഴിയിലെ കൂരോത്തുപറമ്പ് വീട്ടിലുള്ളവരുടെ പ്രതീക്ഷ. അനീഷിന്റെ പിതാവ് ടി.കെ.മോഹനനും അമ്മ അമ്മിണിക്കുട്ടിയും ഓരോ നിമിഷവും മകന്റെ വിവരത്തിനായി കാത്തിരിക്കുകയാണ്.എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞാണു മടങ്ങിയത്. കാണാതാകുന്നതിനു തലേദിവസം വൈകിട്ടും അനീഷ് വീട്ടിലേക്കു വിളിച്ചിരുന്നു. വൃക്കരോഗത്തെത്തുടർന്നു ചികിത്സയിലുള്ള അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. അപകടവിവരം പിതാവിനെ അറിയിച്ചെങ്കിലും അമ്മയോടു ബന്ധുക്കൾ പറഞ്ഞിട്ടില്ല.തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകർന്നത്. തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും പ്രതികൂലകാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചു.
Fashion ⏭️


