NEWS
പിഎസ്സിക്ക് തിരിച്ചടി; വിവാദനിയമനത്തിൽ രേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്

തിരുവനന്തപുരം∙ ആസൂത്രണ ബോര്‍ഡിലെ വിവാദനിയമന വിഷയത്തില്‍ പിഎസ്സിക്ക് തിരിച്ചടി. പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന് ഉത്തരവിട്ടു. പരീക്ഷ സംബന്ധിച്ച എല്ലാ വിവരങ്ങളും ഏഴു ദിവസത്തിനകം ഹര്‍ജിക്കാരനു നല്‍കണമെന്നും ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷന് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ സോണിച്ചന്‍ പി. ജോസഫ് ഉത്തരവിട്ടിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലെ റാങ്ക് ലിസ്റ്റിലുള്ള എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിനു നല്കിയ മാര്‍ക്കിന്റെ വിവരങ്ങളും അടക്കം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു വര്‍ഷമായി ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടും പിഎസ്സി ഈ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിച്ചത്. വിവരങ്ങള്‍ നല്കുന്നതില് പിഎസ്സി കമ്മിഷനു മുന്നിലും വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നുവെങ്കിലും ഇതു തള്ളിയാണ് കമ്മിഷന് ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും ലഭിക്കുമ്പോള്‍ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും അഭിമുഖത്തില്‍ നല്കിയ മാര്‍ക്കും പുറത്തുവരും. മുന്‍പ് ഉദ്യോഗാര്‍ഥി പിഎസ്സിയെ സമീപിച്ചപ്പോള്‍ ഒരു ഉത്തരക്കടലാസ് മാത്രമാണ് നല്‍കിയത്. അപ്പോഴാണ് 9 മുതല്‍ 18 വരെയുള്ള 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നു കണ്ടെത്തിയത്. എന്നാല്‍ മറ്റു രേഖകള്‍ നല്‍കാതെ പിഎസ്സി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പിറ്റേമാസം തന്നെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന് അരുണ്‍ ജെ.പ്രതാപിനെ നിയമിച്ചു. ഇദ്ദേഹം ഇടതു സര്‍വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. സിപിഎം നോമിനിയായി നിയമിക്കപ്പെട്ട പിഎസ്സി ചെയര്മാന് ഡോ.എം.ആര്.ബൈജുവും 2 അംഗങ്ങളുമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി അഭിമുഖം നടത്തിയത്. മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരന് കെ.ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്സിയെ സമീപിച്ചത്. ഡിജിറ്റല്‍ മൂല്യനിര്‍ണയ രീതിയായ ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ്ങില്‍ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പിഎസ്സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടെയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്നു കണ്ടെത്തിയെങ്കിലും തുടര്‍നടപടിയൊന്നും എടുത്തില്ല. 3 റാങ്ക്പട്ടികകളും അന്തിമമായിട്ടില്ലെന്ന കാരണം പറഞ്ഞ് 3 വര്‍ഷമായിട്ടും പരീക്ഷയിലെ മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടുമില്ല.
Source link


