ഐ.ജി ഷെഫീൻ അഹമ്മദ് നിര്യാതനായി

ഷെഫീൻ അഹമ്മദ്
തിരുവനന്തപുരം: ഒഡിഷ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ റൂറൽ
എസ്.പിയുമായ ഐ.ജി കെ.ഷെഫീൻ അഹമ്മദ് (50) നിര്യാതനായി. അർബുദചികിത്സയിലായിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഓച്ചിറ ക്ലാപ്പന കൊട്ടക്കാട്ട് കുടുംബാംഗമാണ്. കെ.എസ്.ഇ.ബി മുൻ എൻജിനിയറും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ.ഒ.ഹബീബിൻ്റെയും സുബൈദയുടെയും (റിട്ട.എൻജിനിയർ,സീനിയർ ടൗൺ പ്ലാനർ) മകനാണ്. ഒഡീഷ പൊലീസിൻ്റെ സി.ഐ.ഡി ക്രൈംബ്രാഞ്ച് വിഭാഗത്തിൽ ഐ.ജിയുടെ ചുമതല വഹിക്കുകയായിരുന്നു. ഡെപ്യൂട്ടേഷനിൽ കേരളാ പൊലീസിൽ പ്രവർത്തിക്കവേ സായുധ പൊലീസ് ഡി.ഐ.ജി, പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ:തൻസീൻ അബ്ദുൽറഹ്മാൻ(സോഫ്റ്റ്വെയർ എൻജിനിയർ). മക്കൾ:ഹയാൻഹബീബ്(പ്ലസ്ടു വിദ്യാർത്ഥി), റാഹ.
സഹോദരൻ:ഷെബീൻ ഉസ്മാൻ(ഐ.ബി.എം,യു.എസ്.എ). മൃതദേഹം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപത്തെ വസതിയിലെ പൊതുദർശനത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ ജന്മനാടായ ഓച്ചിറയിലേക്ക് കൊണ്ടുപോകും. ഖബറടക്കം ചൊവ്വാഴ്ച ക്ലാപ്പന മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് 1998ൽ സിവിൽ എൻജിനിയറിംഗ് പാസായാണ് സിവിൽസർവീസ് നേടിയത്. 2003ബാച്ച് ഐ.പി.എസുദ്യോഗസ്ഥനായിരുന്നു. എം.ബി.എ ബിരുദവും നേടി. ഡെപ്യൂട്ടേഷനിൽ കേരളത്തിലെത്തി, ഒഡിഷ കേഡറിലേക്ക് മടങ്ങുന്നതുവരെ പൊലീസിൻ്റെ
ആധുനികവത്കരണത്തിൽ നിർണായകപങ്കുവഹിച്ചു. ജനകീയനായ പൊലീസുദ്യോഗസ്ഥനായി. ഭരണ-പ്രതിപക്ഷഭേദമന്യേ ആദരവും സൗഹൃദവും നേടി. ഒഡിഷ കേഡറിലേക്ക് മടങ്ങിയ ശേഷം കൊറാപൂർ സൗത്ത്-വെസ്റ്റേൺ റേഞ്ച് ഡി.ഐ.ജിയും സ്ത്രീകൾക്കും പട്ടികജാതി-വർഗവിഭാഗങ്ങൾക്കെതിരെയുളള അതിക്രമങ്ങൾ തടയാനുളള ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ (എച്ച്.ആർ.പി.സി) ഐ.ജിയുമായി. പൊലീസ് ആന്തരിക് സുരക്ഷാസേവാപദക്, കേരള ഡി.ജി.പിയുടെ കമ്മൻഡേഷൻ മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർ അനുശോചിച്ചു. മികച്ച സർവീസ് റെക്കോർഡുള്ള ഉദ്യോഗസ്ഥനായിരുന്നു ഷെഫീനെന്നും കേരളത്തിൽ പ്രവർത്തിച്ചപ്പോൾ അത് തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി മോഹൻചരൺമാജിയും അനുശോചിച്ചു.


