NEWS

ഇടുക്കി ജില്ലാ കലക്ടറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയാറാകണം: രാത്രിയാത്ര വിലക്കിയ വിവാദ ഉത്തരവിൽ പ്രതിഷേധം


അടിമാലി ∙ ദുരന്ത നിവാരണത്തിന്റെ മറവിൽ ജനവിരുദ്ധ ഉത്തരവിറക്കി ജനങ്ങളെ ദ്രോഹിക്കുന്ന ജില്ലാ കലക്ടറെ നിലയ്ക്ക് നിർത്താൻ സർക്കാർ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൾ. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഈ മാസം അവസാനത്തോടെ കലക്‌ടറേറ്റിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കർഷക സംഘടനകളുടെ സഹകരണത്തോടെ വമ്പിച്ച ബഹുജന മാർച്ച് സംഘടിപ്പിക്കും. വനമേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറുവരെ യാത്രയ്ക്കും കൃഷി അനുബന്ധ ജോലികൾക്കും ജനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കലക്ടറുടെ ഉത്തരവിനെതിരെയാണ് പ്രതിഷേധം.2 ലക്ഷം ഏക്കർ തോട്ടം ഭൂമിയും കർഷകരുടെ കൃഷി ഭൂമിയും വ്യാപാര കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് ഇടുക്കി ജില്ല. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പ്രകാരം വ്യാപാര കേന്ദ്രങ്ങളിലേക്കും വിനോദ സഞ്ചാര മേഖലകളിലേക്കും ജനങ്ങൾക്ക് എത്തണമെങ്കിലും തിരികെ യാത്ര ചെയ്യണമെങ്കിലും രാത്രി യാത്ര ഒഴിച്ചു കൂടാനാവാത്തതാണ്. ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ ആണ് ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന വിചിത്ര ഉത്തരവുമായി കലക്ടർ രംഗത്തെത്തിയിരിക്കുന്നത്തെന്നും സർക്കാരും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, വൈസ് പ്രസിഡന്റ് പി.എം ബേബി, ഭാരവാഹികളായ ഡയസ് ജോസ് പുല്ലൻ, സാന്റി മാത്യു കണ്ണാട്ട് എന്നിവർ പറഞ്ഞു.‘ജനത്തോടുള്ള വെല്ലുവിളി’ കട്ടപ്പന ∙ വൈകിട്ട് ആറു മുതൽ രാവിലെ ആറുവരെ ജില്ലയിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന കലക്ടറുടെ ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ. ജനങ്ങളെ ബന്ദികളാക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന ഉത്തരവിനു പിന്നിലുള്ള ഗൂഢലക്ഷ്യം സർക്കാർ അന്വേഷിക്കണം. ഭരണഘടന വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉത്തരവുകൾ തുടർച്ചയായി ഇറക്കി ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന കലക്ടർ വനം മാഫിയയുടെ ഏജന്റാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


Fashion ⏭️

Back to top button