NEWS

കറുത്ത പൊന്നിന് കൊച്ചി ‘ഫ്യൂച്ചർ ’; കുരുമുളക് അവധിവ്യാപാരം പുനരാരംഭിച്ച് കമോഡിറ്റി എക്സ്ചേഞ്ച് എൻസിഡിഇഎക്സ്


കൊച്ചി ∙ ഒരു പതിറ്റാണ്ടിനുശേഷം കുരുമുളകിൻമേലുള്ള അവധിവ്യാപാരം പുനരാരംഭിച്ച് കമോഡിറ്റി എക്സ്ചേഞ്ചായ എൻസിഡിഇഎക്സ്. പരമ്പരാഗത സ്പൈസ് റൂട്ടിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന കൊച്ചി കേന്ദ്രീകരിച്ചാണ് കറുത്ത പൊന്നിന്റെ അവധി വ്യാപാരം പുനരാരംഭിച്ചത്. കൊച്ചി വിപണി അടിസ്ഥാനമാക്കിയാണ് വില തീരുമാനിക്കുന്നത്. ലോകത്ത് കുരുമുളകിന് ഇപ്പോൾ അവധിവ്യാപാരമില്ല.ഫെബ്രുവരി ഒഴികെ വർഷത്തിലെ എല്ലാ മാസവും കരാറുകൾ ലഭ്യമാക്കും. ഭാവിയി‍ൽ ഏലം, റബർ എന്നിവയിലും എൻസിഡിഇഎക്സിന് അവധി വ്യാപാരം തുടങ്ങാൻ പദ്ധതിയുണ്ടെന്ന് മാനേജിങ് ഡയറക്ടർ ഡോ.അരുൺ രാസ്തെ പറഞ്ഞു.ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന കരാറുകളാകും ലഭ്യമാക്കുന്നത്. അവധിവ്യാപാരത്തിൽ വിൽക്കാനും വാങ്ങാനും കഴിയുന്ന ഏറ്റവും കുറഞ്ഞ അളവ് ഒരു മെട്രിക് ടൺ (1,000 കിലോഗ്രാം) ആയിരിക്കും. ടിക് സൈസ് 10 പൈസ ആയിരിക്കും (ഒരു അവധിവ്യാപാര കോൺട്രാക്ടിൽ വിലയുടെ കയറ്റത്തിനും ഇറക്കത്തിനും അനുവദിക്കപ്പെട്ടിരിക്കുന്ന ഏറ്റവും ചെറിയ തുകയാണ് ടിക് സൈസ്).


Source link

Back to top button