NEWS

2 മാസം മുൻപ് ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം


ഹൈദരാബാദ് ∙ രണ്ട് മാസം മുൻപ് ഫിൻലൻഡിൽ കാണാതായ ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഫിൻലൻഡിൽ പഠിക്കാൻ പോയ മനിദീപ് റെഡ്ഡിയുടെ (18) മൃതദേഹം ഹെൽസിങ്കിയിലെ കടലിൽനിന്നും കണ്ടെത്തിയതായി വെള്ളിയാഴ്ചയാണ് ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്. മേയ് 5 നാണ് മനിദീപിനെ കാണാതാവുന്നത്. അന്വേഷണത്തിൽ ഹെൽസിങ്കിയിലെ ഒരു ഷോപ്പിങ് മാളിൽ വച്ചാണ് വിദ്യാർഥിയെ അവസാനമായി കണ്ടത്. മനിദീപിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചു. മനിദീപിന്റേത് സ്വാഭാവിക മരണമല്ലെന്നും ഒട്ടേറെ സംശയങ്ങൾ ഉണ്ടെന്നും കുടുംബം പറഞ്ഞു. ഫിൻലൻഡിലെ ഭരണകൂടം നിർണായക വിവരങ്ങൾ തങ്ങളിൽനിന്നും മറച്ചുവയ്ക്കുന്നതായും കുടുംബം ആരോപിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനും മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തേടുന്നതിനും വേണ്ടി ഫിൻലൻഡിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കണമെന്ന് കുടുംബത്തിനുവേണ്ടി അഭിഭാഷകൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മനിദീപിനെ കാണാതായതിനു ശേഷം വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് അവിടത്തെ സർക്കാർ കുടുംബത്തിനു കൈമാറിയത്. എന്നാൽ മേയ് 29നു ശേഷം വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.


Source link

Back to top button