നാഗസ്വരത്തിന് പകരം വച്ച സ്വരം

നാഗസ്വരവിദ്വാന്റെ പ്രണയകഥ പറയുന്ന തമിഴ് ചിത്രം. നായകവേഷത്തിൽ ജെമിനി ഗണേശൻ. പശ്ചാത്തലത്തിൽ നാഗസ്വരം വായിക്കാൻ അക്കാലത്തെ അതികായനായ കാരുക്കുറിച്ചി അരുണാചലം. ഗാനത്തിന് വേണ്ടത് ആ വാദ്യത്തിന്റെ കയറ്റിറക്കങ്ങളോട് ഒപ്പം നിൽക്കാൻ കെൽപ്പുള്ള ഒരു ശബ്ദമായിരുന്നു. അക്കാലത്തെ പ്രശസ്തരായ ഗായികമാർക്ക് അരുണാചലത്തിന്റെ നാഗസ്വരം ഉയരുന്ന ശ്രുതിയിലേക്ക് സ്വരമെത്തിക്കാൻ കഴിഞ്ഞില്ല.
സ്റ്റുഡിയോയിൽ ആശങ്കയായി. അപ്പോഴാണ് ഒരു നിർദ്ദേശം ഉയരുന്നത്. തെലുങ്കിൽ പുതുതായി വന്ന ഒരു പെൺകുട്ടിയുണ്ട്, ശാസ്ത്രീയസംഗീതം ഔപചാരികമായി പഠിച്ചിട്ടില്ല, എങ്കിലും ഏതു രാഗവും കേട്ടപാടെ അതേ ഭാവത്തിൽ പിഴവില്ലാതെ പാടും. യാഥാസ്ഥിതികനായ സംഗീത സംവിധായകൻ എസ്.എം.സുബ്ബയ്യ നായിഡുവിന് ആ നിർദ്ദേശത്തിൽ വലിയ വിശ്വാസമുണ്ടായിരുന്നില്ല. വേറെ വഴിയില്ലാതെ വന്നപ്പോൾ, ഒന്ന് പരീക്ഷിച്ചുനോക്കാമെന്ന് സംവിധായകൻ തീരുമാനിച്ചു. ആ പെൺകുട്ടിയുടെ പേര് എസ്.ജാനകി.
ആദ്യ ടേക്കിൽ ചരിത്രം
അരുണാചലം നാഗസ്വരം വായിച്ചു തുടങ്ങി. എല്ലാവരും ശ്വാസമടക്കി നോക്കിനിൽക്കെ, ജാനകി അതേ ശ്രുതിയിൽ, ഒരു പിഴവുമില്ലാതെ വരികൾ പാടിത്തീർത്തു. സ്റ്റുഡിയോയിലുണ്ടായിരുന്നവർ അമ്പരന്നു. അതുവരെ അറിയപ്പെടാതിരുന്ന ഒരു ശബ്ദം, പ്രഗത്ഭ ഗായികമാർക്ക് കീഴടക്കാനാവാതിരുന്ന ഗാനത്തിലൂടെ തമിഴ് സിനിമാ സംഗീതത്തിലേക്ക് കാലെടുത്തുവച്ചു. ‘ ശിങ്കാര വേലനേ ദേവ’എന്ന ആ ഗാനമായിരുന്നു തമിഴിൽ ജാനകിയുടെ യുഗത്തിന് തുടക്കമിട്ടത്. പിന്നീട് ദശകങ്ങളോളം, ഭാഷ ഏതായാലും, എത്ര കടുപ്പമുള്ള ഈണമായാലും, ‘ഇത് ജാനകിക്ക് നൽകാം’ എന്നായി സംഗീതസംവിധായകരുടെ തീരുമാനം.


