NEWS

കെപിസിസി പ്രസിഡന്റിനായി ‘മുഖ്യമന്ത്രി മോഡൽ’ ചർച്ച; നേതാക്കൾ ഡൽഹിയിലെത്തും


തിരുവനന്തപുരം ∙ കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ ഡൽഹിക്കു വിളിപ്പിക്കും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി പാർട്ടി പ്രസി‍ഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ച രീതിയിൽ സംസ്ഥാന നേതാക്കളെ ഡൽഹിക്കു വിളിപ്പിച്ച് അഭിപ്രായമറിഞ്ഞ ശേഷമാകും കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റിനെയും നിശ്ചയിക്കുക.പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും അഭിപ്രായവും തേടും. സംസ്ഥാന നേതൃത്വം ഒന്നടങ്കം ഒറ്റപ്പേര് നിർദേശിച്ചാൽ ഹൈക്കമാൻഡ് അതിനൊപ്പം നിൽക്കും. അതിനു സാധ്യതയില്ലാത്തതിനാൽ, ഏതാനും പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാകും സംസ്ഥാനം കൈമാറുക.എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, വർക്കിങ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ പ്രസിഡന്റ് പദത്തിനായി സജീവമായി രംഗത്തുണ്ട്. ജോസഫ് വാഴയ്ക്കൻ, കെ.സി.ജോസഫ്, എം.എം.ഹസൻ എന്നിവരും പദവി ആഗ്രഹിക്കുന്നു. തലമുറമാറ്റത്തിനു വഴിയൊരുക്കുന്ന തീരുമാനം ഹൈക്കമാൻഡിൽ നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് മാത്യുവും ഷാഫിയും. കെ.സി.വേണുഗോപാലിന്റെ പിന്തുണയുറപ്പാക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവം. പ്രസിഡന്റ് പദത്തിലേക്ക് ജനപ്രതിനിധികളെ പരിഗണിക്കരുതെന്ന് വാഴയ്ക്കൻ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന് അതിനോടു യോജിപ്പില്ല.


Fashion ⏭️

Back to top button