NEWS
മുഖ്യമന്ത്രിയുടെ പേരിൽ മെയിൽ ഐഡി നിർമിച്ച് വ്യാജ സന്ദേശം; ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച യുവാവ് അറസ്റ്റിൽ

ഗുവാഹത്തി ∙ അസം മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ ഇമെയിൽ അക്കൗണ്ട് നിർമിച്ച് ജനങ്ങൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ. കാംരൂപ് ജില്ലയിൽ താമസിക്കുന്ന 34 കാരനെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. cmassamgov.in@gmail.com എന്ന വ്യാജ മെയിൽ ഐഡി നിർമിച്ചാണ് യുവാവ് സന്ദേശം അയച്ചത്. ദുരുദ്ദേശ്യത്തോടെ സന്ദേശം അയയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.ജൂലൈ 16നാണ് വ്യാജ സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിലൂടെ അയയ്ക്കുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക സന്ദേശമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കിയാണ് യുവാവ് മെയിലുകൾ അയച്ചിരുന്നത്. അതേസമയം എന്തിനാണ് യുവാവ് ഈ പ്രവൃത്തി ചെയ്തതെന്നും എന്തെങ്കിലും സാമ്പത്തിക തട്ടിപ്പുകൾ ഇതിനകം ചെയ്തിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Fashion ⏭️


