NEWS

അന്വേഷണം പിണറായി വിജയനിലേക്ക് ? സമൻസ് നൽകാൻ നീക്കം; നിർണായകമായത് വീണയുടെ ഐഫോണും ഡയറിയും


കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് വിവാദസാമ്പത്തിക ഇടപാടിലെ തെളിവുകൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്ത ടി.വീണയുടെ ഐഫോൺ, ചുവന്നപുറംചട്ടയുള്ള ഡയറിയിലെ ഒന്നു മുതൽ 9 വരെയുള്ള പേജുകൾ, വിവരങ്ങൾ കുറിച്ച ഒരു ഷീറ്റ് പേപ്പർ എന്നിവയാണു നിർണായക തെളിവുകളെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബാങ്ക് നിക്ഷേപങ്ങൾക്കു പുറമേ റെയ്ഡിൽ പിടിച്ച പ്രമാണങ്ങൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ വീണയുടെ സ്വത്തും കണ്ടുകെട്ടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.കേസിന്റെ നിർണായക ഘട്ടത്തിൽ ഇ.ഡി പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത് അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തുന്നുവെന്നാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കർത്തായുടെ മൊഴിയും പണം കൈമാറിയതു പിണറായി മുഖ്യമന്ത്രിയായിരിക്കെയാണെന്നതും നിർണായകമാണ്. പിണറായി വിജയനു സമൻസ് നൽകാനുള്ള നീക്കമാണെന്നാണു സൂചന.കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ടു ശശിധരൻ കർത്താ 182 കോടിയുടെ ക്രമക്കേടുകൾ നടത്തിയതായി ആരോപിക്കുന്ന സ്വത്തുകണ്ടുകെട്ടൽ റിപ്പോർട്ടിലാണു ടി.വീണയെയും പിണറായി വിജയനെയും പരാമർശിക്കുന്ന ഭാഗമുള്ളത്. ‘ചെളി നീക്കി’യെന്ന പേരിലാണു സിഎംആർഎൽ ഇൗ ചെലവുകൾ എഴുതി മാറ്റിയത്. യഥാർഥ സേവനമോ അനുബന്ധ ബില്ലുകളോ ഇല്ലാതെ, സ്വയം തയാറാക്കിയ വൗച്ചറുകൾ ഉപയോഗിച്ച് ‘സ്ലഡ്ജ് (ചെളി) ഹാൻഡ്‌ലിങ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ’ എന്ന പേരിൽ 139 കോടിയുടെ വ്യാജച്ചെലവ് കാണിച്ചെന്നാണു റിപ്പോർട്ട്.


Fashion ⏭️

Back to top button