NEWS
ഉരുള്‍പൊട്ടലുകള്‍ക്ക് സാധ്യതയുള്ള പ്രദേശം; ഇരകളെയും കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് കരാർ കമ്പനി

കോഴിക്കോട് ∙ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കു നല്കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡിനു വേണ്ടി കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ നല്കിയ കത്തില്‍ വ്യക്തമാക്കി. ജില്ലാ ഭരണകൂടം, അടിയന്തര ദുരന്തനിവാരണ ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി തങ്ങള്‍ പൂർണമായി സഹകരിക്കുന്നുണ്ട്. പദ്ധതി പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു വരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ ഏകദേശം 265 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മണ്‍സൂണ്‍ സീസണില്‍ ജില്ലയില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയിലൊന്നാണിത്. ഇത് ഒരു സാധാരണ ജൂലൈ മാസത്തിലെ മഴദിനത്തില്‍ ലഭിക്കുന്നതിന്റെ 9-10 മടങ്ങാണ്.
Source link


