‘കള്ളൻ വിജയൻ’ ലേഖനത്തെച്ചൊല്ലിയുള്ള വിവാദത്തിൽ നടപടി; വാരാന്തപ്പതിപ്പ് എഡിറ്ററെ ചുമതലയിൽ നിന്ന് മാറ്റി

ദേശാഭിമാനി വാരാന്ത്യപതിപ്പ്
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പിലെ ‘കള്ളൻ വിജയൻ’ ലേഖനത്തിൽ വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയിൽ നിന്ന് കെ ആർ അജയനെ മാറ്റി. ടി ചന്ദ്ര മോഹനന് പകരം ചുമതല നൽകി. അജയനോട് കഴിഞ്ഞ ദിവസം റസിഡന്റ് എഡിറ്റർ വിശദീകരണം തേടിയിരുന്നു. ‘കള്ളൻ വിജയൻ’ ലേഖനത്തിൽ പാർട്ടി വിരുദ്ധത ഇല്ലെന്നും ലേഖനത്തിന് അനുയോജ്യമായ തലക്കെട്ടായിരുന്നുവെന്നുമാണ് അജയൻ നൽകിയ മറുപടി. ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് അജയന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, വി.എസിന്റെ ഓർമ്മക്കുറിപ്പുകളുമായി ദേശാഭിമാനി വാരാന്തപതിപ്പ് ഇന്നലെ പുറത്തിറങ്ങി. നാടകപ്രവർത്തകനായ വിജയനെക്കുറിച്ചുള്ള ‘കള്ളൻ വിജയൻ’ എന്ന വിവാദ ലേഖനം ഇതിൽ ഇല്ല. പകരം അവസാന പേജിൽ വി.എസ് നടത്തിയ ജനകീയ ഇടപെടലുകളെക്കുറിച്ചുള്ള ലേഖനമാണുള്ളത്.
വിവാദത്തിൽ വി.എസ്. അച്യുതാനന്ദന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി.എസിന്റെ മകൻ വി.എ.അരുൺകുമാർ പറഞ്ഞു. പേരുകൊണ്ട് ഇത്രയും വർഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പേര് പ്രശ്നമാകുന്നത് ജീവിതത്തിൽ ആദ്യമാണെന്നും നാടക പ്രവർത്തകൻ കള്ളൻ വിജയൻ പറഞ്ഞു.
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തിനോടനുബന്ധിച്ചാണ് വാരാന്തപ്പതിപ്പിൽ വി എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയത്. വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും വിവരാവകാശ കമ്മിഷണറുമായിരുന്ന കെ വി സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം” എന്ന പേരിലുള്ളതാണ് ഓർമ്മക്കുറിപ്പ്. പതിപ്പിന്റെ അവസാന പേജിൽ ടി.സി.രാജേഷ് എഴുതിയ ‘കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ” എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലിയായിരുന്നു വിവാദം.
പുല്ലംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാറയിലെ വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചാണ് ലേഖനം. വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്യ നാടക ഗ്രാമം. മാതാപിതാക്കൾ ഓമനിച്ചു വിളിച്ച കൊച്ചുകള്ളനെന്ന പേര് പിന്നീട് പേരിനൊപ്പം ചേരുകയായിരുന്നു. ‘കള്ളൻ വിജയൻ” എന്ന തലക്കെട്ട് അനാവശ്യ തെറ്റിദ്ധാരണകൾക്കും ട്രോളുകൾക്കും ഇടയാക്കുമെന്ന് എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാട്ടി. തുടർന്ന് വിതരണം തടയുകയായിരുന്നെന്നാണ് വിവരം.
English Summary
Deshabhimani newspaper removed K.R. Ajayan as editor-in-charge of its weekly edition following controversy over the article “Kallan Vijayan.” Ajayan was replaced by T. Chandramohan after he refused to change the disputed title, which caused misunderstandings. The published weekly omitted the contentious article, instead featuring a tribute to V.S. Achuthanandan on his death anniversary.
RELATED TOPICS: KALLAN VIJAYAN, ARTICLE CONTROVERSY, WEEKLY EDITOR, MALAYALAM MEDIA, KALLAN VIJAYAN MANGLISH
Read News ⏭️


