‘ചതിക്കരുത് കേട്ടോ, അത് സഹിക്കാനാകില്ല’; മാഷിനോട് തെറ്റി വിദ്യാർത്ഥി, പിന്നാലെ സന്തോഷം

സ്റ്റാഫ് റൂമിൽ ഒളിച്ചിരിക്കുന്ന വിദ്യാർത്ഥിയും കണ്ടുപിടിക്കാനെത്തിയ കൂട്ടുകാരനും
കുട്ടികാലത്ത് കൂട്ടുകാർക്കൊപ്പം ഏറ്റവും കൂടുതൽ കളിച്ച കളികളിലൊന്നായിരിക്കും ഒളിച്ചുകളി. ഓരോ തവണയും ഒളിച്ചുകളി കളിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിൽപ്പെടാത്ത സ്ഥലങ്ങൾ നേരത്തെതന്നെ കണ്ടുപിടിക്കുന്നവരാകും പലരും. ഒപ്പമുള്ളവരറിയാതെ ഒളിച്ചിരുന്ന് അവരെയങ്ങനെ വട്ടം കറക്കാനുള്ള ഇഷ്ടം പ്രായമെത്രയായാലും മാറില്ല. അത്തരത്തിലൊരു ഒളിച്ചുകളിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സ്കൂളിലെ തന്റെ കൂട്ടുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റാഫ് മുറിയിൽ മാഷിന്റെ മേശയ്ക്ക് താഴെ ഒളിച്ചിരിക്കുകയാണ് ഒരു കുരുന്ന്. കൂട്ടുകാർ വരുമ്പോൾ താനവിടെ ഒളിച്ചിരിക്കുന്ന കാര്യം പറയരുതെന്ന് മാഷിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൂട്ടുകാർ വന്ന് ചോദിക്കുമ്പോൾ മാഷ് കാട്ടിക്കൊടുത്തെന്ന് കരുതി മാഷിനോട് പിണങ്ങി മേശയ്ക്കടിയിൽതന്നെയിരുന്ന് ചിണുങ്ങുന്നുണ്ടവൻ. എന്നാൽ, മാഷ് തന്നെ കൂട്ടുകാർക്ക് മുന്നിൽ ഒറ്റിക്കൊടുത്തിട്ടില്ലെന്നറിയുമ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടിയാണ് അവൻ ഇറങ്ങിപ്പോകുന്നത്. അവനെ വിഷമിപ്പിക്കാതെതന്നെ ഇനി ഓഫീസ് മുറിയിൽ കയറാതെ പുറത്തുനിന്ന് കളിച്ചേക്കണമെന്ന് മാഷ് താക്കീത് ചെയ്യുന്നുണ്ട്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. തങ്ങളുടെ കാലത്ത് ചോക്കും ചൂരലും എടുക്കാൻ മാത്രമാണ് സ്റ്റാഫ് റൂമിന്റെ പടിചവിട്ടിയിട്ടുള്ളതെന്ന് ചിലർ തമാശയായി പറയുന്നു. അധോലോകത്തിലേക്ക് കയറുന്ന പേടിയോടെയാണ് തങ്ങൾ സ്റ്റാഫ് റൂമിൽ കയറിയിരുന്നതെന്നും ചിലർ പറയുന്നുണ്ട്. കുട്ടിയെ വഴക്കുപറഞ്ഞോടിക്കാതെ അവന്റെ സന്തോഷത്തിന് ഒപ്പംനിന്ന മാഷിനെ അഭിനന്ദിക്കാനും സോഷ്യൽമീഡിയ മറക്കുന്നില്ല.
News ⏭️


