NEWS

കാർ കസ്റ്റഡിയിലെടുത്തു; അപകടം, കാറിലുണ്ടായിരുന്നവരും മരിച്ച ശിവപ്രകാശും ഒരേ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ


ചേർത്തല ∙ അപകടത്തെത്തുടർന്ന് 15 മിനിറ്റോളം റോഡിൽ കിടന്നു ബൈക്ക് യാത്രികൻ മരിക്കാൻ ഇടയായ സംഭവത്തിൽ ഇടിച്ചിട്ടു നിർത്താതെപോയ കാർ പൊലീസ് കണ്ടെത്തി. ചേർത്തല വാരണം സ്വദേശി വിനയചന്ദ്രന്റെ വീട്ടിൽ നിന്നാണ് ചേർത്തല എസ്ഐ വി.ബിജുവിന്റെ നേതൃത്വത്തിൽ കാർ കസ്റ്റഡിയിൽ എടുത്തത്. കാർ ഓടിച്ചതാരാണെന്നു പൊലീസ് അന്വേഷിക്കുന്നു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു ഞായറാഴ്ച ഉച്ചയ്ക്ക് ചേർത്തല ചെങ്ങണ്ട–വാരനാട് റോ‍ഡിൽ അപകടത്തിൽ മരിച്ചത്. ശിവപ്രകാശിനൊപ്പം സഞ്ചരിച്ച സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാംകുളങ്ങര സ്വദേശി വിഷ്ണു മുരളി (27) പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടശേഷം 15 മിനിറ്റോളം ‌ഇരുവരും റോ‍ഡിൽ കിടന്നു. ചേർത്തല വാരനാട് മുതൽ പള്ളിപ്പുറം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കാറിൽ സഞ്ചരിച്ചിരുന്നവരും മരിച്ച ശിവപ്രകാശും ഒരേ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണ്.


Fashion ⏭️

Back to top button