ലഹരി വേട്ട: വയനാട്ടിൽ 16കാരനടക്കം നാലുപേർ പിടിയിൽ

സുൽത്താൻ ബത്തേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 51.350 ഗ്രാം എം.ഡി.എം.എയുമായി 16കാരനുൾപ്പടെ നാലുപേർ പിടിയിൽ. കൽപ്പറ്റ മണിയങ്കോട് ഓടമ്പം വീട്ടിൽ ബി. വിഷ്ണു (30), പഴേരി ബ്ലാങ്കര വീട്ടിൽ മുഹമ്മദ് അൻസിൽ (21), വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടിൽ സി.എസ് അമൽ (33) എന്നിവരാണ് പിടിയിലായത്. രാത്രി യാത്ര നിരോധനമുള്ള മുത്തങ്ങയിൽ ഗേറ്റ് അടച്ചതിനു ശേഷമെത്തിയ കാർ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.
കർണാടക ഭാഗത്തു നിന്നെത്തിയതാണ് കാർ. വിഷ്ണു ധരിച്ച മുണ്ടിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു. സുൽത്താൻ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർ അജികുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.


