NEWS

കോടിയേരിയുടെ പേരിലുള്ള ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിന്റെ മറവിൽ ക്രമക്കേട്; ഒരു കോടിക്ക് കണക്കില്ല


കണ്ണൂർ ∙ കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് ആസ്ഥാനമന്ദിരമുണ്ടാക്കാൻ നടത്തിയ ധനസമാഹരണത്തിന്റെ മറവിൽ നടന്നതു ലക്ഷങ്ങളുടെ ക്രമക്കേട്. ഒരു കോടിയോളം രൂപയ്ക്കു കണക്കില്ലെന്ന പരാതിയാണ് 2 വർഷമായി നേതൃത്വത്തിനു മുന്നിലുള്ളത്. തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ചർച്ചയായതോടെ കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ.രമേശനെ സ്ഥാനത്തുനിന്നു നീക്കി അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചതെന്നാണു വിവരം. പയ്യന്നൂരിലെ ഫണ്ട് പിരിവിന്റെ കണക്കുകൾ 8 വർഷമായിട്ടും ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ ഉഴലുന്ന പാർട്ടിക്ക് കണ്ണൂരിലെ ക്രമക്കേട് കൂടുതൽ തലവേദനയായി.സിപിഎം നേതൃത്വത്തിനു മുന്നിലുള്ള പരാതികളുടെ ഉള്ളടക്കം ഇങ്ങനെ: കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ.രമേശൻ, ലോക്കൽ കമ്മിറ്റി ഓഫിസിനായി തെക്കീബസാറിൽ 30 വർഷം പഴക്കമുള്ള വീടുൾപ്പെടുന്ന 4 സെന്റ് 70 ലക്ഷം രൂപയ്ക്കു വാങ്ങി. ഈ വസ്തു ലോക്കൽ സെക്രട്ടറിയുടെ പേരിൽ റജിസ്റ്റർ ചെയ്യേണ്ടതിനു പകരം സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തു. സഹോദരി സെക്രട്ടറിയായ സഹകരണബാങ്കിൽ ഇത് ഈടുവച്ച് 30 ലക്ഷം രൂപ വായ്പയെടുത്തു. കെട്ടിടമുണ്ടാക്കാനാണ് ഇതെന്നാണു കമ്മിറ്റികളിൽ വിശദീകരിച്ചത്. 20 ലക്ഷം രൂപ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്നും സഹകരണസംഘം ജീവനക്കാരിൽനിന്നും പലിശ വാഗ്ദാനം ചെയ്തു വാങ്ങി. പിന്നീട് ‘കാഴ്ച’യെന്ന പേരിൽ വ്യാപാരപ്രദർശനം നടത്തി. ഇതിനു പുറമേ, 500 രൂപയുടെ കൂപ്പണടിച്ച് ലോട്ടറി മാതൃകയിൽ കാർ ഒന്നാം സമ്മാനം വാഗ്ദാനം നൽകി പിരിച്ചു. ഇതിന്റെയൊന്നും കണക്ക് എവിടെയും അവതരിപ്പിച്ചില്ല; സ്മാരകമന്ദിരം യാഥാർഥ്യമായതുമില്ല.


Fashion ⏭️

Back to top button