‘വേദനയുടെ ഒരു കടൽ, എല്ലാവർക്കും ഈസിയായ കാര്യങ്ങൾ എനിക്ക് ഈസിയല്ല’; രോഗാവസ്ഥയെക്കുറിച്ച് ഐശ്വര്യരാജൻ

അനശ്വര രാജൻ, ഐശ്വര്യരാജൻ
സോഷ്യൽമീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ഇൻഫ്ലുവൻസറും നടി അനശ്വര രാജന്റെ സഹോദരിയുമായ ഐശ്വര്യ രാജൻ. സാധാരണയായി ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ മ്യൂസികിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ടായിരുന്ന ഐശ്വര്യ ഈ അടുത്താണ് സ്വന്തം ശബ്‌ദത്തിൽ വിശേഷങ്ങൾ പറയുന്ന വീഡിയോകൾ പങ്കുവയ്‌ക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ, അത്തരത്തിലൊരു വീഡിയോയിലൂടെ 16 വയസുമുതൽ താൻ കടന്നുപോകുന്ന ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറയുകയാണ് ഐശ്വര്യ.
ഡിസ്‌ക് തേയ്‌മാനം, അലർജി, ഫൈബ്രോമയാൾജിയ, ഇൻഫ്ലമേഷൻ തുടങ്ങിയ അസുഖങ്ങൾ മൂലം അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെക്കുറിച്ചാണ് ഐശ്വര്യ തുറന്നുപറയുന്നത്. ഡിസ്‌ക് തേയ്‌മാനം ഉള്ളതിനാൽ ദീർഘനേരം ഇരിക്കാൻ സാധിക്കാത്തതിനാൽ നിന്നുകൊണ്ടാണ് കോളേജിലെ ക്ലാസുകൾ അറ്റന്റ് ചെയ്‌തിരുന്നതെന്നും നടുവേദന കാരണം മുഖം കഴുകാൻ പോലും കുനിയാൻ സാധിക്കാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. രോഗശമനത്തിനായി ആയുർവേദവും അലോപ്പതിയും ഉൾപ്പെടെ പല മാർഗങ്ങൾ പരീക്ഷിച്ചിട്ടുണ്ടെന്നും ചില ഡോക്‌ടർമാരുടെ പെരുമാറ്റം തനിക്ക് എന്നുമൊരു ട്രോമയാണെന്നും ഐശ്വര്യ വിശദീകരിക്കുന്നുണ്ട്.
‘എനിക്ക് 16 വയസുള്ളപ്പോഴായിരുന്നു അപ്പെൻഡിസൈറ്റിസ് സർജറി നടന്നത്. അതൽപം സങ്കീർണമായിരുന്നു. ഒരുപാട് മാസങ്ങൾ ബെഡ് റെസ്റ്റ് വേണ്ടിവന്നു. പിന്നെ ഇരുപതിലേക്ക് കടക്കുന്ന സമയം. ഡിഗ്രി അഞ്ചാം സെമസ്റ്റർ പഠിച്ചോണ്ടിരിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഇരുന്ന് എഴുതാൻ പറ്റുന്നില്ല. ജസ്റ്റൊന്ന് കുനിയാനോ വളയാനോ പറ്റുന്നില്ല. സ്‌കാൻ ചെയ്‌തും എംആർഐ എടുത്തും എന്റെ ഡിസ്‌ക് പോയെന്ന് ഞാൻ കണ്ടുപിടിച്ചു’- ഐശ്വര്യ രാജൻ പറയുന്നു.
തുടർന്നുള്ള ചികിത്സകളെക്കുറിച്ചും ജീവിതത്തിൽ കടന്നുപോകേണ്ടി വന്ന മോശം സാഹചര്യങ്ങളെക്കുറിച്ചും ഐശ്വര്യ വിശദീകരിക്കുന്നുണ്ട്. ഒരു കാലത്ത് താൻ അറിയപ്പെട്ടിരുന്നതുതന്നെ നടുവേദനയുള്ള കുട്ടിയെന്നാണെന്നും അങ്ങനെ അറിയപ്പെടുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും അവർ പറയുന്നുണ്ട്. പാളിപ്പോയ ചികിത്സകളെക്കുറിച്ചും അവ സമ്മാനിച്ച ട്രോമകളെക്കുറിച്ചും പറയുമ്പോഴും വേദനയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി അതിജീവിക്കുന്നതെങ്ങനെയെന്നും ഐശ്വര്യ വിശദീകരിക്കുന്നുണ്ട്.
‘എന്റെ ഒരു വീഡിയോയിൽ ഞാനും അനുവും ഓടുന്നതുകണ്ട് കുറേ ആളുകൾ എന്റെ ഓട്ടത്തിനെക്കുറിച്ച് കമന്റ് ചെയ്‌തിരുന്നു. അപ്പോൾ എനിക്ക് കുറച്ച് വിഷമമായി. പക്ഷേ, ഇതൊക്കെയാണ് കാരണം. എനിക്ക് വേദനയില്ലാതെ നന്നായിട്ട് ഓടാൻ പറ്റില്ല. ഇപ്പോഴും എനിക്ക് ഗ്ലൂട്ടിയൻ മസിൽ വേദനയാണ്. അത്ര ഈസിയല്ല, എന്റെ കാര്യങ്ങളൊന്നും. ഈ ഒരു വേദന നിറഞ്ഞ യാത്രയിലൂടെ ഞാൻ എത്തിയ ഒരു പോയിന്റ് എന്തെന്ന് പറഞ്ഞാൽ ഈ വേദനയുമായി പൊരുത്തപ്പെട്ട് ഞാൻ ജീവിച്ചുതുടങ്ങി’- ഐശ്വര്യ പറയുന്നു.
ആരുടെയും എംപതിക്കോ സിംപതിക്കോ വേണ്ടിയല്ല ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറയുന്നതെന്നും എന്തിനാണ് താൻ ചികിത്സ തേടിയതെന്ന് വ്യക്തമാക്കുകയാണ് ഉദ്ദശ്യമെന്നും അനശ്വര കൂട്ടിച്ചേർത്തു.
Source link
NEWS
Read News
Read News✅


