NEWS
‘തീവിഴുങ്ങിയ പോലെ പുകച്ചിൽ, ശുചിമുറിയിൽ പോകാൻ വീൽചെയർ, വിശപ്പ് തളർത്തി; പക്ഷേ പിന്നോട്ടില്ല’; നേഹ നിരാഹാരമിരുന്നത് 23 ദിവസം!

ന്യൂഡൽഹി∙ 23 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചിട്ട് ഇന്നു നാലാംദിവസം. മനസ്സിനും ശരീരത്തിനും തീവിഴുങ്ങിയ പോലൊരു പുകച്ചിലും വേദനയുമാണ്. ജന്തർ മന്തറിലെ നടപ്പാതയിൽ, ദ്വാരങ്ങൾ വീണ ടാർപോളിനു കീഴിൽ, ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയുമേറ്റ് ഞാനുൾപ്പെടെ 6 പേരാണ് നിരാഹാരമിരുന്നത്.സമരത്തിന്റെ ആദ്യ 5 ദിവസത്തോളം വിശപ്പ് അനുഭവപ്പെട്ടത് വേദനയായാണ്. വാർത്തകളും പുസ്തകങ്ങളും വായിച്ച് അതിനെ മറികടക്കാൻ ശ്രമിച്ചു. ദൈനംദിനകാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ ശരീരം തളർന്നു. ഞങ്ങളെ കാണാനും സംസാരിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും വിദ്യാർഥികളും മാതാപിതാക്കളുമുൾപ്പെടെ ഒട്ടേറെപ്പേരെത്തി. അവരുടെയും ഞങ്ങളുടെ സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിലെ (ഐസ) സഹപ്രവർത്തകരുടെയും വാക്കുകളാണ് ഊർജമായത്. മൂന്നാമത്തെ ആഴ്ചയോടെ പേശികളിലും ശരീരത്തിലും വേദന വളരെ ശക്തമായി. പരസഹായമില്ലാതെ നടക്കാനും ശുചിമുറിയിൽ പോകാനും വയ്യാതെയായി. ഇതിനിടെ എന്റെ കൂടെ നിരഹാരത്തിലുണ്ടായിരുന്നതിൽ 3 പേരെ ആശുപത്രിയിലേക്കു മാറ്റി.
Fashion ⏭️


