NEWS

‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിയിൽ അജിത്കുമാറിന് പങ്ക്; ഡിജിപി വിശദീകരണം തേടി, സ്ഥാനക്കയറ്റം തുലാസിൽ


തിരുവനന്തപുരം ∙ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസന്വേഷണത്തിലെ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവിക്ക് എസ്ഐടി കൈമാറിയ പുതുക്കിയ റിപ്പോർട്ടിൽ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പരാമർശങ്ങൾ. അജിത്കുമാർ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായിരിക്കെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫിസ് കേന്ദ്രീകരിച്ച് കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതു സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. വിശദീകരണം ആവശ്യപ്പെട്ട് അജിത്കുമാറിന് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ കത്തു നൽകി. 3 ദിവസത്തിനകം മറുപടി നൽകാനാണു നിർദേശം. മറുപടി പരിശോധിച്ചശേഷം വകുപ്പുതല നടപടിയെടുക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം ശുപാർശ ചെയ്ത് ആഭ്യന്തര സെക്രട്ടറിക്കു ഡിജിപി റിപ്പോർട്ട് കൈമാറും.മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിയാലോചിച്ച ശേഷമായിരിക്കും നടപടി തീരുമാനിക്കുക. കേസ് അട്ടിമറിക്കുന്നതിൽ അജിത്കുമാറിന്റെ പങ്ക് തെളിഞ്ഞാൽ ഒരുകാരണവശാലും സംരക്ഷിക്കേണ്ടതില്ലെന്നാണ് ഇരുവരുടെയും നിലപാട്. പിണറായി സർക്കാരിന്റെ കാലത്ത് പൊലീസിലെ അമിതാധികാര ശക്തിയായി അജിത്കുമാർ പ്രവർത്തിച്ചെന്നും സർക്കാർ വിലയിരുത്തുന്നു. സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടി വന്നാൽ ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മുടങ്ങും.ഉയർന്ന റാങ്കുള്ള ഡിവൈ എസ്പി അന്വേഷിച്ച കേസ് ഗ്രേഡ് എസ്ഐമാർ തിരുത്തണമെങ്കിൽ അത് അജിത്കുമാറിന്റെ ഇടപെടൽ മൂലമാണെന്ന വിലയിരുത്തൽ പുതിയ റിപ്പോർട്ടിലുണ്ടെന്നാണു വിവരം.


Fashion ⏭️

Back to top button