NEWS

‘ഞാൻ നിരപരാധി, ശിക്ഷ മരവിപ്പിക്കണം’; പൾസർ സുനിയുടെ അപ്പീലിന്മേൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി ഹൈക്കോടതി


കൊച്ചി ∙ നടി ആക്രമിക്കപ്പെട്ട കേസിൽ താൻ നിരപരാധിയാണെന്നും കേസിന്റെ വിചാരണസമയത്ത് എട്ടു വർഷത്തോളം തടവിലായിരുന്നെന്നും അതിനാൽ അപ്പീലിൽ തീരുമാനമാകുന്നതു വരെ ശിക്ഷ മരവിപ്പിക്കണമെന്നും കേസിലെ ഒന്നാം പ്രതിയായിരുന്ന പൾ‍സർ സുനി. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ 20 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് പൾസർ സുനി എന്ന എൻ.എസ്.സുനിൽ കുമാര്‍ ഉൾപ്പെടെ കേസിലെ ആറു പ്രതികൾ. ഇതിലെ നാലു പേരുടെ അപ്പീലിന്മേൽ ഇന്ന് വാദം പൂർത്തിയാക്കി ഇടക്കാല വിധി പുറപ്പെടുവിക്കാൻ ഹൈക്കോടതി മാറ്റി. അതേ സമയം, സ്ഥിരം കുറ്റവാളിയാണ് പൾസർ സുനിയെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനും കേസിലെ അതിജീവിതയും വാദിച്ചു. തനിക്ക് ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ നടപടികളെ ബാധിക്കില്ലെന്നായിരുന്നു പൾസർ സുനിയുടെ വാദം. കേസിൽ തെളിവെടുപ്പ് എല്ലാം പൂർത്തിയായി. വിചാരണാ വേളയിൽ എട്ടു വർഷത്തോളം ജയിലിലായിരുന്നു. സുപ്രീം കോടതി ഇടപെട്ടാണ് ഒടുവിൽ തനിക്ക് ജാമ്യം ലഭിച്ചത്. അതിനുശേഷം മറ്റൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല. തന്നെ തടവിലാക്കി കേസ് തെളിയിക്കാനാവശ്യമായ ഒന്നും ഇനി കണ്ടെത്താനില്ലെന്നും സുനി വാദിച്ചു. അതുകൊണ്ട് അപ്പീലിൽ തീരുമാനമാകുന്നതു വരെ വിചാരണക്കോടതി വിധിച്ച ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് സുനി വാദിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്നും തെളിവുകളില്ലാതിരുന്നിട്ടും തന്നെ ശിക്ഷിക്കുകയായിരുന്നു എന്നുമാണ് പൾസർ സുനി അപ്പീലിൽ പറഞ്ഞിരുന്നത്. 


Source link

Back to top button