NEWS
1,500 കിലോമീറ്റർ അകലെ നിന്ന് ശസ്ത്രക്രിയ; കൊച്ചിയിലുള്ള രോഗിയിൽ ടെലി-റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത് ഗുജറാത്തിലിരുന്ന്

കൊച്ചി∙ നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച്, കേരളത്തിലെ ആദ്യ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയായ ‘റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി’ (ആർഎആർപി) ആണ് കൊല്ലം സ്വദേശിയായ 70 വയസ്സുകാരന് വിധേയമാക്കിയത്.ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ യൂറോ ഓങ്കോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ.കിഷോർ, ഗുജറാത്തിലെ വാപിയിലുള്ള മെറിൽ അക്കാദമിയിൽ ഇരുന്നാണ് രണ്ട് മണിക്കൂർ നീണ്ട ഈ പ്രക്രിയ പൂർണ്ണമായും നിയന്ത്രിച്ചത്. ദീർഘദൂര ടെലിസർജറി രംഗത്തെ ഒരു നിർണ്ണായക ചുവടുവെപ്പാണ് ഈ നേട്ടം. സ്ഥലപരിമിതികൾ ഒട്ടും ബാധിക്കാതെ, ലോകത്തിന്റെ ഏത് കോണിലിരുന്നും അത്യാധുനിക ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുമെന്ന വലിയൊരു സാധ്യതയ്ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇതിലൂടെ വിദഗ്ദ്ധ സർജന്മാർക്ക് തത്സമയ സഹായവും മെന്ററിങ്ങും അടിയന്തിര ഇടപെടലുകളും ആഗോളതലത്തിൽ എവിടെയും നൽകാൻ സാധിക്കും. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്ത ഉൾനാടൻ പ്രദേശങ്ങൾ, ദ്വീപുകൾ, സൈനിക മേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവടങ്ങളിലേക്ക് മികച്ച ശസ്ത്രക്രിയാ പരിചരണം തടസ്സമില്ലാതെ എത്തിക്കാൻ ഈ സാങ്കേതിക മുന്നേറ്റത്തിന് സാധിക്കും.
Source link


