NEWS
ഹെവി വാഹനങ്ങളിൽ വ്യാജ ഡ്രൈവർമാർ വ്യാപകം; വ്യാജ ലൈസൻസ് തയാറാക്കുന്നത് ഫൊട്ടോയും മേൽവിലാസവും മാറ്റി

വൈപ്പിൻ ∙ വ്യാജ ഹെവി ലൈസൻസുമായി വാഹനം ഓടിക്കുന്നവരുടെ എണ്ണം പെരുകുന്നു. മോട്ടർ വാഹനവകുപ്പും പൊലീസും പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. കൃത്രിമമായി സംഘടിപ്പിക്കുന്ന ലൈസൻസുമായി വാഹനം ഓടിക്കുന്നവർ അപകടങ്ങൾക്ക് ഇടയാക്കുന്നതായും വ്യക്തമായിട്ടുണ്ട്. ഒരു മാസം മുൻപ് ചെറായിപാടത്ത് വൈപ്പിനിൽ നിന്നുള്ള സ്വകാര്യബസ് നിയന്ത്രണം വിട്ട് ചെമ്മീൻകെട്ടിലേക്ക് ഇറങ്ങിയ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കംപ്യൂട്ടർ സഹായത്തോടെ ഫൊട്ടോയും മേൽവിലാസവും മറ്റും മാറ്റിയാണ് ഇത്തരത്തിൽ ലൈസൻസ് തയാറാക്കുന്നത്. പലപ്പോഴും സ്വകാര്യ ബസ് ഉടമകളും ഇത്തരം കാര്യങ്ങളിൽ സൂക്ഷ്മത കാണിക്കാറില്ല.ഡ്രൈവർമാരെ കിട്ടാത്തതിനാൽ വാഹനം ഓടിക്കാൻ അറിയാവുന്നവരെ മറ്റു പരിശോധനകൾ ഒന്നും നടത്താതെ അതിന് നിയോഗിക്കുന്നതാണ് പതിവ്. ചെറായിയിൽ അപകടം ഉണ്ടായപ്പോഴും, നടപടിക്രമങ്ങളെല്ലാം പൂർത്തിയാകുന്നത് വരെ ഡ്രൈവറുടെ ലൈസൻസ് വ്യാജമാണെന്നുള്ള കാര്യം മൂടിവയ്ക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചതെന്നും ആരോപണമുണ്ട്. സ്ഥിരം ഡ്രൈവർമാർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകുമ്പോൾ ഒന്നോ രണ്ടോ ട്രിപ്പിലേക്ക് വാഹനം ഓടിക്കാൻ കയറുന്ന ഡ്രൈവർമാരിൽ പലരും യഥാർഥ ലൈസൻസ് ഉള്ളവരല്ലെന്ന് ഈ രംഗത്തുള്ളവർ തന്നെ പറയുന്നു. ഡ്രൈവർ ജോലിയിൽ പരിചയം ആകുന്നതോടെ ഇത്തരക്കാർ വൈകാതെ സ്ഥിരം ഡ്രൈവർമാരായി നിയോഗിക്കപ്പെടുന്നു. ഇത്തരത്തിൽ നിയമസാധുത ഇല്ലാത്ത ലൈസൻസുമായി ജോലി ചെയ്യുന്ന ഒട്ടേറെ ബസ് ഡ്രൈവർമാർ വൈപ്പിൻ റൂട്ടിൽ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ ലൈസൻസിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതിനെത്തുടർന്ന് ഇത്തരം ഡ്രൈവർമാരിൽ പലരും തൽക്കാലത്തേക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
Source link


