NEWS
എണ്ണവിറ്റ് പണമുണ്ടാക്കി ഇറാൻ; അരഗ്ച്ചിയെ വധിക്കാൻ ഇസ്രയേൽ പ്ലാനിട്ടെന്ന് യുഎസ്, ക്രൂഡോയിലിന് ക്ഷീണം, സ്വർണം കുതിക്കുന്നു

ഹോർമുസിലൂടെയുള്ള കപ്പൽ നീക്കത്തിലും മേഖലയിലെ സമാധാനത്തിലും ആശങ്ക തുടരുന്നതിനിടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിറ്റ് പണം വാങ്ങാൻ ഇറാൻ. യുഎസുമായി സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെ ഇറാന്റെ ക്രൂഡോയിൽ കയറ്റുമതി കുതിച്ചതായി കണക്ക്. കരാർ ഒപ്പിട്ട് മൂന്നു ദിവസങ്ങൾക്കുള്ളിൽ 6 ദശലക്ഷം ബാരലുമായി മൂന്നു ഇറാനിയൻ സൂപ്പർ ടാങ്കറുകൾ ഹോർമുസ് കടന്നതായി സമുദ്ര ഗതാഗത ഡേറ്റ. സിംഗപ്പൂർ ലക്ഷ്യമാക്കിയാണ് ഇവ നീങ്ങുന്നത്. ഇതിലൂടെ ഇറാന് വലിയ വരുമാനം നേടാൻ സാധിച്ചെന്നും കണക്ക്. വിപണി വിലയേക്കാൾ 20 ശതമാനം വരെ ഉയർത്തിയാണ് ഇറാന്റെ എണ്ണവിൽപന. എന്നാൽ വിൽപന കൂട്ടിയിട്ടും വാങ്ങാൻ ആളില്ലാതെ ഇറാന്റെ ക്രൂഡോയിൽ കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ടുണ്ട്.അതിനിടെ, പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരുങ്ങുകയാണ് ഇറാൻ. ഈ ചടങ്ങുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന് ആശങ്കയുണ്ട്. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനു വേണ്ടി യുഎസ് അടക്കമുള്ള രാജ്യങ്ങളുമായി ചർച്ച നടത്തുന്ന മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഇസ്രയേൽ ലക്ഷ്യമിട്ടുവെന്നും ഇറാൻ ആരോപിച്ചിട്ടുണ്ട്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി അടക്കമുള്ളവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.∙മുഖ്യഓഹരി സൂചികയായ സെൻസെക്സ് 0.75 ശതമാനം ഉയർന്ന് 77,502.48ലെത്തി. നിഫ്റ്റി 0.71 ശതമാനം കയറി 24,175.50ലുമെത്തി. ഇന്ത്യൻ വിപണിയുടെ ആശങ്ക സൂചിക (വിക്സ്) 12.29ലേക്ക് താഴ്ന്നു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.48 ശതമാനവും സ്മോൾക്യാപ് സൂചിക 1.25 ശതമാനവും ഉയർന്നു. ജൂണിലെ വിൽപന കണക്കുകൾ മികച്ചതായതോടെ വാഹന മേഖലയും നേട്ടത്തിലായിരുന്നു. എന്നാൽ നിഫ്റ്റി ബാങ്ക് സൂചിക നഷ്ടത്തിലായി.
Source link


