HEALTH

മഴക്കാലത്ത് കുട്ടികൾ സ്‌കൂളിൽനിന്ന് വന്നയുടനെ ചെയ്യേണ്ട കാര്യങ്ങൾ


മഴക്കാലം കുട്ടികൾക്ക് ആഘോഷത്തിന്റെ സമയമാണ്. മഴയിൽ നനയാനും വെള്ളക്കെട്ടുകളിൽ ചാടിക്കളിക്കാനുമൊക്കെ അവർക്ക് വലിയ ഇഷ്ടമാണ്. എന്നാൽ ഈ സന്തോഷത്തിനപ്പുറം ചില ആരോഗ്യപ്രശ്‌നങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. സ്‌കൂളിൽ നിന്ന് നനഞ്ഞ യൂണിഫോമും ഈർപ്പമുള്ള സോക്‌സും ഷൂസുമായി വീട്ടിലെത്തുന്ന കുട്ടികളിൽ ചർമ്മരോഗങ്ങൾ, ഫംഗസ് അണുബാധ, പേൻ ശല്യം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആശങ്കപ്പെടാതെതന്നെ കുട്ടികൾക്കുണ്ടാകുന്ന ഈ അസ്വസ്ഥതകൾ എളുപ്പത്തിൽ തടയാനാകും. സ്‌കൂളിൽനിന്ന് വന്നയുടനെ ചില ശീലങ്ങൾ പിന്തുടർന്നാൽ മതിയാകും.വീട്ടിലെത്തിയയുടൻ യൂണിഫോമും സോക്‌സും മാറ്റുക: യൂണിഫോം പൂർണമായും നനഞ്ഞാലും ഇല്ലെങ്കിലും വീട്ടിലെത്തിയയുടൻ അഴിച്ചുമാറ്റുക. വിയർപ്പും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം അതിൽ നനവ് ഉണ്ടായിരിക്കാം. കാലുകൾ നന്നായി കഴുകി തുടച്ച് ഉണങ്ങിയ വസ്ത്രങ്ങൾ ധരിപ്പിക്കുക. ദീർഘനേരം ഈർപ്പത്തിൽ കഴിയുന്നത് ഫംഗസ് അണുബാധയ്ക്കും ചർമ്മത്തിലെ അസ്വസ്ഥതകൾക്കും കാരണമാകാം.ശരീരത്തിലെ മടക്കുകൾ നന്നായി ശ്രദ്ധിക്കുക: മഴവെള്ളവും വിയർപ്പും ശരീരത്തിലെ ചില ഭാഗങ്ങളിൽ കൂടുതൽ നേരം തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. കഴുത്ത്, കക്ഷം, തുടകളുടെ ഇടയിലെ ഭാഗം, കാൽവിരലുകൾക്കിടയിൽ എന്നിവിടങ്ങളാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടത്. വസ്ത്രം മാറ്റിയശേഷം ഈ ഭാഗങ്ങൾ മൃദുവായി തുടച്ച് നന്നായി ഉണക്കുക. ഈർപ്പം നീണ്ടുനിൽക്കുന്നത് ഫംഗസ് ബാധയ്ക്ക് സാധ്യത കൂട്ടും.ഷൂസ് പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക: മഴക്കാലത്ത് ഷൂസ് നനയുന്നത് സ്വാഭാവികമാണ്. എന്നാൽ നനഞ്ഞ ഷൂസ് വീണ്ടും ധരിക്കുന്നത് കാലുകളിൽ ദുർഗന്ധത്തിനും ഫംഗസ് അണുബാധയ്ക്കും കാരണമാകും. അതുകൊണ്ടുതന്നെ പിന്നീട് ധരിക്കുന്നതിനുമുമ്പ് ഷൂസ് പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. കഴിയുമെങ്കിൽ മഴക്കാലത്ത് രണ്ട് ജോഡി സ്‌കൂൾ ഷൂസ് കരുതുന്നത് നല്ലതാണ്.തലയും ചെവിക്കുപിന്നിലെ ഭാഗവും പരിശോധിക്കുക: മഴക്കാലത്ത് കുട്ടികളുടെ തലയോട്ടി ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് തലയുടെ മുകൾഭാഗം, ചെവിക്കുപിന്നിലെ ഭാഗം, കഴുത്തിന്റെ പിൻഭാഗം എന്നിവ ശ്രദ്ധിക്കുക. സ്‌കൂളിൽ കുട്ടികൾ അടുത്തിടപഴകുന്നതിനാൽ പേൻ (Head Lice) പകരാൻ സാധ്യത കൂടുതലാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാകും. വീട്ടിലെ മറ്റുള്ളവരിലേക്കും പകരുന്നത് തടയാനും സാധിക്കും.ചൊറിച്ചിലും ചർമ്മത്തിലെ മാറ്റങ്ങളും അവഗണിക്കരുത്: എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ കുട്ടികളിൽ ചൊറിച്ചിൽ, ചുവന്ന പാടുകൾ, ചെറിയ കുമിളകൾ, തൊലി പൊളിയൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ അവഗണിക്കരുത്. ഫംഗസ് അണുബാധ വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ സമയബന്ധിതമായി ശിശുരോഗ വിദഗ്ധനെയോ ചർമ്മരോഗ വിദഗ്ധനെയോ സമീപിക്കുന്നത് നല്ലതാണ്.


Source link

Back to top button