ഡോക്ടറുടെ ഫോണിൽ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ; മുൻ ജോലിസ്ഥലങ്ങളിലും സമാന പരാതികൾ

കൊച്ചി ∙ നടിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ഒളിവിൽ കഴിയുന്നയാളുമായ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ മുൻ ജോലിസ്ഥലങ്ങളിലും സമാനമായ പരാതികൾ നിലവിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ നേരത്തേ സേവനമനുഷ്ഠിച്ചിരുന്ന പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചു. രണ്ടു വർഷം മുൻപ് പത്തനംതിട്ടയിലെ ആശുപത്രിയിലെ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് അന്ന് ഇയാൾക്ക് കർശന താക്കീത് നൽകിയിരുന്നതായാണ് വിവരം. കൊച്ചിയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ പീഡനക്കേസ് റിപ്പോർട്ട് ചെയ്തതോടെ ഇയാളെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കണ്ടെടുത്തത് കേസിൽ നിർണായകമായിരിക്കുകയാണ്. ഡോക്ടറുടെ മുൻകാല ചെയ്തികളെക്കുറിച്ചുള്ള പരാതികൾ കൂടി ഉൾപ്പെടുത്തി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഡോക്ടർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, പ്രതി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




