NEWS

അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കാൻ കേന്ദ്രമന്ത്രിക്ക് നിവേദനം

കൊച്ചി: അഭിഭാഷകർ ജോലിസ്ഥലത്ത് നേരിടുന്ന സുരക്ഷാപ്രശ്നങ്ങളും അക്രമസംഭവങ്ങളും തടയുന്നതിനായി പ്രത്യേക നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസഹമന്ത്രി അർജുൻ റാം മേഘ്‌വാളിന് നിവേദനം സമർപ്പിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ലീഗൽ സെൽ ചെയർമാൻ അഡ്വ. സിനിൽ മുണ്ടപ്പള്ളിയും കൺവീനർ അഡ്വ. പി.എസ്. ജ്യോതിസുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രിയെ നേരിൽ കണ്ടത്. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ പ്രത്യേക നിർദേശപ്രകാരം കൊച്ചിയിലെ ഹയാത്ത് റീജൻസിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

തൊഴിൽ നിർവഹണത്തിനിടെ അഭിഭാഷകർക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതിനൊപ്പം തന്നെ, അഭിഭാഷകർക്കും അവരുടെ ആശ്രിതർക്കും ആവശ്യമായ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ കേന്ദ്രതലത്തിൽ ആവിഷ്‌കരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. തങ്ങളുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഇരുവരും അറിയിച്ചു.

Sports ⏭️

Read News ⏭️

Back to top button