മാരുതി 800-ന് വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം: നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ കാർ

ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഡെസ് വെഹിക്കിള്‍സ് ആന്ഷന്സ് (FIVA) ഏര്‍പ്പെടുത്തിയ അഭിമാനകരമായ വേള്‍ഡ് വെഹിക്കിള്‍ ഹെറിറ്റേജ് പുരസ്കാരം കരസ്ഥമാക്കുന്ന പ്രഥമ ഇന്ത്യന്‍ വാഹനമെന്ന നേട്ടം മാരുതി 800 സ്വന്തമാക്കി. ആഗോളതലത്തില്‍ ചരിത്രപരമായ പ്രാധാന്യമുള്ള തിരഞ്ഞെടുത്ത 21 വാഹനങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മാരുതി 800 ഇടംപിടിച്ചിരിക്കുന്നത്. മോട്ടറിങ് മേഖലയിലെ ദേശീയവും രാജ്യാന്തരവുമായ പൈതൃകങ്ങളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഫിവ ഈ അവാര്‍ഡ് സമ്മാനിക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ ഓടിയെത്തിയ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള മാരുതി 800 എസ്എസ്80 മോഡലാണ് ഈ അത്യപൂര്‍വ പുരസ്കാരത്തിന് അര്‍ഹമായത്. ഡിഐഎ 6479 എന്ന നമ്പറിലുള്ള ഈ വാഹനം ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മാരുതി 800 എന്ന നിലയില്‍ ചരിത്രത്തില്‍ ഇടംനേടിയിരുന്നു. 1983 ഡിസംബർ 14-ന് നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഈ കാറിന്റെ താക്കോല്‍ ന്യൂഡല്‍ഹി സ്വദേശിയായ ഹര്‍പല്‍ സിങ്ങിന് കൈമാറിയത്. ഭാഗ്യ നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ ഈ വാഹനത്തിന് അന്ന് 48,000 രൂപയായിരുന്നു വിപണി വില.
സാധാരണക്കാരായ ഇടത്തരം കുടുംബങ്ങള്‍ക്ക് തങ്ങളുടേതായ ഒരു കാര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ മാരുതി 800-ന് സാധിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട് വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയിലുള്ള കാറുകളിലൊന്നായ ഇത്, മികച്ച ഇന്ധനക്ഷമതയും ക്യാബിനുള്ളില്‍ വിശാലമായ സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത ആദ്യത്തെ കാറുകളിലൊന്നു കൂടിയാണിത്. 2010-ല്‍ ഹര്‍പല്‍ സിങ് അന്തരിക്കുന്നത് വരെ അദ്ദേഹം ഈ വാഹനം അതീവ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് 2017-ല്‍ മാരുതി സുസുക്കി ഈ വാഹനം ഏറ്റെടുക്കുകയും, ഇന്നുവരെ വളരെ ഭംഗിയായി പരിപാലിച്ചുവരികയും ചെയ്യുന്നു. നിലവില്‍ ന്യൂഡല്‍ഹിയിലെ മാരുതി സുസുക്കി ആസ്ഥാനത്താണ് ഈ അപൂര്‍വ വാഹനത്തെ സംരക്ഷിച്ചിരിക്കുന്നത്.
അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍, ഫ്രാന്‍സ്, ഓസ്ട്രിയ, സ്ലൊവേനിയ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സാംസ്കാരികവും ചരിത്രപരവുമായ പാരമ്പര്യമുള്ള വാഹനങ്ങള്‍ക്കൊപ്പമാണ് മാരുതി 800 സ്ഥാനം പിടിച്ചത്. ഫ്രാന്‍സിലെ 1926 ബുഗാട്ടി റോയല്‍, സൈപ്രസിലെ 1965 മെഴ്സിഡീസ് ബെന്‍സ്, ബ്രസീലിലെ 1959 റോമി ഇസേട്ട തുടങ്ങിയ ലോകപ്രശസ്തമായ വാഹനങ്ങള്‍ക്കൊപ്പമാണ് ഈ അംഗീകാരം മാരുതി 800-നെ തേടിയെത്തിയത്.




