ബഹ്റൈനിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം: വ്യവസായ മേഖലയിൽ വൻ തീപിടിത്തം

ടെഹ്റാൻ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന രണ്ട് അമേരിക്കൻ റഡാർ സ്റ്റേഷനുകൾ തകർത്തതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ഭീതിക്കിടെ, തങ്ങളുടെ അതീവ രഹസ്യമായ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇരട്ട ലോഞ്ചറുകൾ ഉൾപ്പെടെയുള്ള വമ്പൻ ആയുധശേഖരമാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. ഏതൊരു പ്രത്യാക്രമണത്തെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ നിഗൂഢമായി സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കളിൽ തട്ടി എണ്ണ ടാങ്കറിന് തീപിടിച്ചു. ഇതിനു പുറമെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ വ്യോമാക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമാനിലെ ഖസബ് തീരത്തുനിന്ന് പതിനൊന്ന് നോട്ടിക്കൽ മൈൽ അകലെയുള്ള ഭാഗത്താണ് ആദ്യത്തെ ആക്രമണം നടന്നത്.




