NEWS

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് തിരിച്ചടി, കോൺഗ്രസിന് മുന്നേറ്റം, സിപിഎമ്മിന് 50 സീറ്റ്

ന്യൂഡൽഹി ∙ രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ചുമരുകളിൽ പതിഞ്ഞ തിരഞ്ഞെടുപ്പു സന്ദേശങ്ങൾ ജയ്പുരിലെ ബിജെപി ആസ്ഥാനത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. അടുത്തിടെ രാജസ്ഥാനിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങൾ, ഡൽഹിയിലെ ബിജെപി നേതൃത്വത്തെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. രാജസ്ഥാനിലെ സമീപകാല തദ്ദേശ തിരഞ്ഞെടുപ്പുകളിലും സെപ്റ്റംബറിലെ നഗരസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കൈവരിച്ച വോട്ടുവിഹിതം സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കുറഞ്ഞത് 15 ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും അവർക്കു മുൻതൂക്കം ലഭിക്കുമെന്നാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിന് എട്ടു സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്.

∙ സിപിഎമ്മിന് 50 സീറ്റ്, ആംആദ്മിക്ക് 2

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, പഞ്ചായത്ത് സമിതികളിലെ 7520 സീറ്റുകളിൽ 3758 എണ്ണം കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ ബിജെപിക്ക് 2213 സീറ്റുകളിൽ മാത്രമായി ഒതുങ്ങേണ്ടി വന്നു. ആകെ 1271 ജില്ലാ പരിഷത്ത് സീറ്റുകളിൽ 794 എണ്ണവും കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ ബിജെപിക്ക് ലഭിച്ചത് 357 എണ്ണം മാത്രമാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച്, 37 ജില്ലാ പരിഷത്തുകളിൽ 25 ഇടത്തും ഭരണം കോൺഗ്രസിനായിരിക്കും; ബിജെപിക്ക് 9 ഇടത്തു മാത്രമാണ് മേൽക്കൈ നേടാനായത്. പഞ്ചായത്ത് സമിതികളിൽ 269 ഇടത്ത് കോൺഗ്രസ് ഭരണമുറപ്പിച്ചപ്പോൾ ബിജെപിക്ക് 73 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. പഞ്ചായത്ത് സമിതിയിൽ 497 സീറ്റുകളും ജില്ലാ പരിഷത്തിൽ 51 സീറ്റുകളും സ്വന്തമാക്കിയ ഹനുമാൻ ബനിവാളിന്റെ ആർഎൽപി, രാജസ്ഥാൻ രാഷ്ട്രീയത്തിൽ കരുത്തുറ്റ മൂന്നാം ശക്തിയായി വളരുകയാണ്.

Fashion ⏭️

Back to top button