LIFESTYLE

യുദ്ധം, പ്രവചനാതീതമായ കാലം; ഇനി വീട് വയ്ക്കാൻ ഏറെ പാടുപെടേണ്ടി വരും; ആളുകളുടെ കാഴ്ചപ്പാടും മാറുന്നു


രാജ്യത്തിന്റെ പല മേഖലകളിലും ഭവനവിൽപനയിൽ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ഇനിയങ്ങോട്ട് ഭവന നിർമാണം സാധാരണക്കാരന് കയ്യെത്തി പിടിക്കാനാകാത്തതാകും എന്നുറപ്പ്. അമേരിക്ക -ഇറാൻ യുദ്ധം ആരംഭിച്ചത് മുതൽ കെട്ടിട നിർമാണ ചെലവ് കുതിച്ചുയരുന്നതാണ് പ്രധാനമായും ഇരുട്ടടിയാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഭവന നിർമാണ ചെലവ് 25 ശതമാനം വർധിച്ചു എന്നാണ് റിപ്പോർട്ടുകൾ. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതും നിർമാണ സാമഗ്രികളുടെ ദൗർലഭ്യവുമാണ് നിലവിലെ സാഹചര്യത്തിന് പിന്നിൽ.അതേസമയം ഭവന നിർമാണ ചെലവിലെ വർധനവിന് ഉടനെയൊന്നും അറുതി ഉണ്ടാകില്ല എന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ ഇതേ നിലയിൽ തുടരുകയാണെങ്കിൽ കെട്ടിടനിർമാണ ചെലവ് ഇനിയും വർധിക്കാനാണ് സാധ്യതയെന്നും കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (CREDAI) പറയുന്നു. കെട്ടിട നിർമാണത്തിന് നിർണായകമായ പല സാമഗ്രികളും അധികവില നൽകിയാൽ പോലും ലഭ്യമല്ല എന്ന സാഹചര്യമുണ്ട്. കെട്ടിട നിർമാണ മേഖല ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയാണിത്. സ്റ്റീൽ, സിമന്റ്, മണൽ, ഇഷ്ടിക, ഇലക്ട്രിക്കൽ വയറിങ് ഉത്പന്നങ്ങൾ എന്നിവയുടെയെല്ലാം വില നാൾക്കുനാൾ കുതിച്ചുയരുന്നതിനൊപ്പം പലതും കിട്ടാക്കനിയാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങളുടെ പ്രതിഫലനമെന്നോണം കേരളത്തിലും വീടുകളുടെ, പ്രത്യേകിച്ച് വലിയ വീടുകളുടെ നിർമാണത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. സാമ്പത്തിക കാരണങ്ങൾക്ക് പുറമേ സാമൂഹികവും ആഗോളവുമായ മാറ്റങ്ങളും ഇതിൽ സ്വാധീനം ചെലുത്തുന്നു. യുദ്ധങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും വിവിധ രാജ്യങ്ങളിലെ സ്വദേശിവത്കരണ നയങ്ങളും കാരണം പ്രവാസികളുടെ വരുമാനവും നാട്ടിലേക്കുള്ള പണമൊഴുക്കും പഴയ സ്ഥിതിയിലല്ല. ഒരുകാലത്ത് പ്രവാസിപ്പണമായിരുന്നു വലിയ വീടുകൾ നിർമിക്കപ്പെടുന്നതിന് ആധാരമെങ്കിൽ ഇന്ന് ആ അടിത്തറ ദുർബലമായിക്കൊണ്ടിരിക്കുകയാണ്.നിർമാണ ചെലവിന് പുറമേ തൊഴിലാളികളുടെ ദൗർലഭ്യവും തിരിച്ചടിയാകുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ലഭ്യതയിൽ ഉണ്ടായ മാറ്റങ്ങൾ, ഉയർന്ന വേതനം എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുന്നു. ഒരുഭാഗത്ത് നിർമാണ തൊഴിലാളികളെ ലഭിക്കാത്തതാണ് പ്രശ്നമെങ്കിൽ മറുഭാഗത്ത് അസ്ഥിരമായ തൊഴിൽ വിപണി മൂലം വീടുവയ്ക്കാൻ ഭയപ്പെടുന്ന സാഹചര്യവുമുണ്ട്. AI അടക്കമുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ തൊഴിൽ പ്രതിസന്ധി നേരിടുന്നവർ ഏറെയാണ്. ഭവന വായ്പ പോലെയുള്ള ദീർഘകാല സാമ്പത്തിക ബാധ്യതകൾ എടുത്തു വയ്ക്കുന്നതിൽ നിന്നും ഇത് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്.സാമ്പത്തിക – ജീവിത നേട്ടം ഉണ്ടാകുന്നതിന്റെ അടയാളമായി വലിയ വീടുകളെ കണ്ടിരുന്ന കാഴ്ചപ്പാടിൽ മാറ്റം വന്നതും നിർമാണ മേഖലയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉയർന്ന ചെലവിൽ വലിയ വീടുകൾ നിർമിക്കുന്നത് അധിക ബാധ്യതയാകും എന്നതിനപ്പുറം അവയുടെ പരിപാലനച്ചെലവും സുരക്ഷയും നികുതി ഭാരവുമെല്ലാം കുടുംബങ്ങൾ കണക്കിലെടുത്ത് തുടങ്ങിയിരിക്കുന്നു. വിദേശരാജ്യങ്ങളിൽ ജീവിതം ഉറപ്പിച്ചവർ നിർമിച്ച വലിയ വീടുകൾ നോക്കാൻ ആളില്ലാതെ നശിക്കുന്ന കാഴ്ച പതിവായതും മറ്റൊരു കാരണമാണ്.ഇതിനെല്ലാം പുറമേ കാലാവസ്ഥ സാഹചര്യങ്ങൾ പോലും പുതിയ നിർമാണങ്ങളിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകമായി മാറിക്കഴിഞ്ഞു. അപ്രതീക്ഷിതവും അതിശക്തവുമായ മഴ, ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, വരൾച്ച എന്നിങ്ങനെ പല പ്രദേശങ്ങളും ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതി സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇതുമൂലം വൻ തുക മുടക്കി വലിയ ബാധ്യത വരുത്തിവച്ച് വീടുകൾ നിർമിക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് പലരും കരുതുന്നു. കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന, എളുപ്പത്തിൽ പരിപാലിക്കാവുന്ന വീടുകൾ എന്നതിനാണ് ഇന്ന് മുൻഗണന ലഭിക്കുന്നത്. സാമൂഹിക കാഴ്ചപ്പാടുകൾ ഇത്തരത്തിൽ മാറിവരുന്നതിനൊപ്പം നിർമാണ ചെലവും സാമ്പത്തിക അസ്ഥിരതയും വർധിച്ചതോടെ വീടുവയ്ക്കുക എന്നത് അടിയന്തര ആവശ്യമായി കണക്കാക്കുന്നവർ കുറയുന്നു എന്ന് തന്നെ പറയാം.


Cinema ⏭️

Back to top button