NEWS

ചോദ്യപേപ്പർ ചോർച്ച വിദ്യാർഥികളുടെ വിശ്വാസത്തെയും സ്വപ്നങ്ങളെയുമാണ് തകർക്കുന്നത്: മൗനം വെടിഞ്ഞ് മാധവൻ


ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതികരണവുമായി നടനും പുണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ആർ. മാധവൻ. രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താൻ ശേഷിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും, ഇത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും വിശ്വാസ്യത തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ മാധവനെതിരെ വേറിട്ട പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ എന്ന നിലയിൽ വിഷയത്തോട് പ്രതികരിക്കാതിരിക്കുകയും മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു വിദ്യാർഥികൾ മാധവന്റെ ഔദ്യോഗിക ക്യാബിൻ മുറിയുടെ വാതിലിൽ ‘കാണാതായി’ എന്ന പോസ്റ്റർ പതിച്ചത്.  ഇതിനു പിന്നാലെയാണ് സർക്കാർ വിദ്യാർഥികളുടെ വിശ്വാസ്യതയെ തകർക്കരുതെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നുമുള്ള നിലപാടുമായി മുന്നോട്ട് വന്നത്.യുവത്വത്തിനൊപ്പം ഉറച്ചുനിൽക്കുക, അർത്ഥവത്തായ പരിഷ്കാരങ്ങളെ പിന്തുണയ്ക്കുക എന്നതാണ് തന്റെ രീതി എന്ന് വ്യക്തമാക്കിയ താരം സമാധാനപരമായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ, സമരത്തിന്റെ ലക്ഷ്യം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർക്കെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും നൽകുന്നു.  ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ട്വീറ്റും മാധവൻ പങ്കുവച്ചിട്ടുണ്ട്.   ഇന്ത്യയിലെ യുവതലമുറയുടെ അതിരുകളില്ലാത്ത കഴിവിൽ എപ്പോഴും വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ഇന്ന് നിരവധി വിദ്യാർഥികളും മാതാപിതാക്കളും അനുഭവിക്കുന്ന ആശങ്കയും നിരാശയും ഞാൻ പങ്കുവയ്ക്കുന്നു. ഒരു വിദ്യാഭ്യാസ സമ്പ്രദായം ആത്മവിശ്വാസവും നീതിയും അവസരങ്ങളുമാണ് പ്രധാനം ചെയ്യേണ്ടത്. ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ ആ വിശ്വാസത്തെ തകർക്കുകയും, ലക്ഷക്കണക്കിന് യുവാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷകളെയും കഠിനാധ്വാനത്തെയും സ്വപ്നങ്ങളെയും ആഴത്തിൽ ബാധിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും ജീവിതം കെട്ടിപ്പടുക്കുന്നതിൽ വിദ്യാഭ്യാസം നിർണ്ണായക പങ്കുവഹിക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത്.


Fashion ⏭️

Back to top button