മണ്ണുപോലും വേണ്ട; കെെനിറയെ സമ്പാദിക്കാൻ മലയാളികൾക്ക് മികച്ച അവസരം, ഈ കൃഷി പരീക്ഷിക്കാം

പ്രതീകാത്മക ചിത്രം
അമിത മുതൽമുടക്ക് ഇല്ലാതെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന കൃഷിയാണ് കൂൺ. രുചിയുടെയും പോഷകഗുണങ്ങളുടെയും കാര്യത്തിൽ കൂൺ മുൻപന്തിയിലായതിനാൽ ഇതിന്റെ വിപണി മൂല്യവും എപ്പോഴും ഉയർന്ന് നിൽക്കുന്നു. കൂൺ കൃഷി ചെയ്യുമ്പോൾ അമിത പരിചരണമോ വളമോ ആവശ്യമില്ല. മാത്രമല്ല കൃഷി ചെയ്യാൻ മണ്ണ് പോലും വേണ്ടെന്നതാണ് മറ്റൊരും സത്യം. കൂൺ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്യാമെന്ന് നോക്കാം.
കൃഷി ചെയ്യുന്ന വിധം
കേരളത്തിൽ ചിപ്പി കൂൺ, പാൽ കൂൺ എന്നിവയാണ് സജീവമായി കൃഷി ചെയ്യുന്നത്. ഇതിന് ആദ്യം നല്ല വൈക്കോൽ വേണം. നല്ലതുപോലെ ഉണങ്ങിയ വൈക്കോൽ 5 -10 സെ.മീ വലിപ്പത്തിൽ മുറിക്കുക. ഇത് 12 മണിക്കൂർ വെള്ളത്തിൽ കുതിർത്തശേഷം 30 മിനിട്ട് തിളപ്പിച്ച് അണുവിമുക്തമാക്കണം.
ഇതിനുശേഷം അധികമുള്ള വെള്ളം വാർന്നുപോകാൻ അനുവദിക്കുക. ഇത് വൃത്തിയുള്ള സ്ഥലത്ത് 7-8 മണിക്കൂർ നിരത്തിയിടുക. വൈക്കോൽ പിഴിയുമ്പോൾ കൈയിൽ ഈർപ്പം പറ്റിയില്ലെങ്കിൽ വൈക്കോൽ പാകമായി എന്ന് കരുതുക. ബെഡുകൾ തയ്യാറാക്കാൻ 30 സെ.മീ വീതിയും 60 സെ.മീ നീളവുമുള്ള പോളിത്തീൻ കവറുകൾ ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി മറ്റേ അറ്റം വിടർത്തിവച്ച് അതിലൂടെ ആദ്യം വൈക്കോൽച്ചുരുൾ കൈകൊണ്ട് അമർത്തിവയ്ക്കുക.
അതിന് മീതെ വശങ്ങളിൽ മാത്രം കൂൺ വിത്ത് വിതറണം. ഇതിനുമീതെ അടുത്ത വൈക്കോൽച്ചുരുൾ വയ്ക്കുക. ഇതിന്റെ വശങ്ങളിലും കൂൺവിത്ത് വിതറണം. ഇങ്ങനെ മൂന്നോ നാലോ തട്ട് വരെ ഒറ്റ കവറിൽ നിറയ്ക്കാം. ഏറ്റവും മുകളിൽ നന്നായി കൂൺ വിത്ത് വിതറിയിട്ട് ഒരു പ്ലാസ്റ്റിക് നൂലുകൊണ്ട് കവർ മുറുക്കിക്കെട്ടണം. കവറിന്റെ വശങ്ങളിൽ ചെറിയ സുഷിരങ്ങൾ ഇടണം. ശേഷം കൂൺതടങ്ങൾ വൃത്തിയുള്ള ഇരുട്ടുമുറിയിൽ തൂക്കിയിടുക. 12-15 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ കവറിനുള്ളിൽ വളർന്നുവ്യാപിക്കും. അങ്ങനെ വളർന്ന തടങ്ങളിൽ മൂന്നോ നാലോ കീറലുകൾ ഇട്ടുകൊടുക്കുക.
ഹാൻഡ് സ്പ്രേയർ ഉപയോഗിച്ച് വെള്ളം തളിച്ച് ബെഡിൽ നനവ് നിലനിർത്തണം. തടത്തിൽ ചെറിയ കീറലുകളും ഉണ്ടാക്കണം. ദിവസവും രണ്ടുനേരം നനയ്ക്കണം. വളർച്ചയെത്തിയ കൂണുകൾ 20- 50 ദിവസങ്ങൾക്കകം വിളവെടുപ്പ് നടത്താം. അങ്ങനെ 55-75 ദിവസങ്ങളിൽ മൂന്ന് തവണവരെ വിളവെടുപ്പ് നടത്താവുന്നതാണ്.
English Summary
The article details easy home mushroom cultivation, a profitable venture with low investment. It describes preparing straw by soaking, boiling, and drying, then layering it with mushroom seeds in polythene bags. These beds are hung in a dark room. After mycelium growth, slits are made and watered for harvesting oyster and milky mushrooms within 55-75 days.
RELATED TOPICS: MUSHROOM FARMING, PROFITABLE FARMING, INDOOR FARMING, MUSHROOM CULTIVATION KERALA, KOON KRISHI MALAYALAM
News ⏭️


