NEWS
പിഎസ്സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിലും അട്ടിമറി; കുന്നോളം പരാതി, നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം ∙ പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷാ നടത്തിപ്പിൽ പിഎസ്സിയിൽ നടന്ന ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അട്ടിമറി. പൊലീസ് വകുപ്പിൽനിന്നു ഡപ്യൂട്ടേഷനിൽ എത്തി പിഎസ്സിയിൽ പ്രവർത്തിക്കുന്ന ആഭ്യന്തര വിജിലൻസ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാനാണു യോഗത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, ചെയർമാൻ അന്വേഷണം കൈമാറിയതു തനിക്കു കീഴിലെ പരീക്ഷാ കൺട്രോളർക്ക്. വാക്കാലുള്ള നിർദേശം സ്വീകാര്യമല്ലെന്നു പരീക്ഷാ കൺട്രോളർ ചെയർമാനെ അറിയിച്ചു. തുടർന്ന് പരീക്ഷാ കൺട്രോളർ അന്വേഷിക്കാൻ നിർദേശിച്ച് ഉത്തരവിറക്കിയെങ്കിലും ഏറെ വിവാദത്തിനിടയായ വിഷയമായതിനാൽ പരീക്ഷാ കൺട്രോളർ തീരുമാനമെടുത്തിട്ടില്ല. പിഎസ്സി സെക്രട്ടറിയെപ്പോലും അറിയിക്കാതെയായിരുന്നു ചെയർമാന്റെ നീക്കങ്ങൾ.കീഴുദ്യോഗസ്ഥരെക്കൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങി വിഷയം അവസാനിപ്പിക്കാനുള്ള ചെയർമാന്റെ നീക്കത്തിൽ ചില പിഎസ്സി അംഗങ്ങൾ തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പരീക്ഷ കാലയളവിൽ ഡപ്യൂട്ടി സെക്രട്ടറിയായിരിക്കുകയും പിന്നീട് വിരമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ ബലിയാടാക്കി തടിയൂരാനാണു പിഎസ്സിയുടെ ശ്രമം. ക്രമക്കേട് പരമാവധി പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ച പിഎസ്സി, ഒടുവിൽ മാധ്യമങ്ങളിലൂടെ വിഷയം വിവാദമായപ്പോഴാണ് അന്വേഷണത്തിനു തയാറായതു തന്നെ. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ആഭ്യന്തര വകുപ്പിനു കീഴിലെ വിജിലൻസിനോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്കോ അന്വേഷണച്ചുമതല കൈമാറണമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടത്. എന്നാൽ, പിഎസ്സിയിൽ തന്നെ വിജിലൻസ് സംഘമുള്ളപ്പോൾ അതു വേണ്ടെന്ന നിലപാടിൽ ചെയർമാൻ ഉറച്ചു നിന്നു. ഒടുവിൽ അംഗങ്ങളും തീരുമാനത്തിനു വഴങ്ങി.കഴിഞ്ഞ 5 വർഷത്തിനിടെ പിഎസ്സി നടത്തിയ പരീക്ഷകളും അഭിമുഖങ്ങളും സംശയനിഴലിലായതോടെ അന്വേഷണത്തിന് ഒരുങ്ങുകയാണു സർക്കാർ. ഒട്ടേറെ ഉദ്യോഗാർഥികൾ മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് ആശങ്ക അറിയിച്ചതിനു പിന്നാലെ സർക്കാർ നിയമോപദേശം തേടി. 2 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണു സൂചന. വിഷയം ഉന്നയിച്ച മന്ത്രി ഒ.ജെ.ജനീഷിന് മുഖ്യമന്ത്രി അന്വേഷണം ഉറപ്പു നൽകിയിരുന്നു. ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്സിക്ക് എതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് സാധിക്കില്ല.
Source link

