BUSINESS

റിവർ അടുത്ത വർഷം പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കും; ഐപിഒ പരിഗണനയിലെന്നും അരവിന്ദ് മണി

2028-29 സാമ്പത്തിക വർഷത്തോടെ കമ്പനിയെ ലാഭകരമാക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് റിവർ മൊബിലിറ്റി സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് മണി വ്യക്തമാക്കി. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിലെ ‘ഡ്രൈവിങ് ഇവി ഇറ’ എന്ന ചർച്ചയിൽ, മലയാള മനോരമ കോ-ഓർഡിനേറ്റിങ് എഡിറ്റർ ജീവൻ കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി സീരീസ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച ഏകദേശം 120 മില്യൺ ഡോളർ ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2028-29 കാലയളവിൽ വാർഷിക ഉൽപ്പാദനം 20,000 മുതൽ 25,000 യൂണിറ്റുകൾ വരെയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ വളർച്ചയോടെ കമ്പനി ലാഭത്തിലേക്ക് കുതിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനുശേഷം ഐപിഒ വഴി ഓഹരി വിപണിയിൽ പ്രവേശിക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം മുതൽ വിപണിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് അരവിന്ദ് മണി അറിയിച്ചു. നിലവിൽ സ്കൂട്ടർ വിഭാഗത്തിൽ മാത്രമാണ് ശ്രദ്ധയൂന്നുന്നത്. കൂടുതൽ റേഞ്ച് ഉറപ്പുവരുത്താൻ സാധിച്ചാൽ മാത്രമേ ബൈക്കുകളുടെ നിർമ്മാണത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ. നിലവിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും മികച്ച സേവന സൗകര്യങ്ങൾ ഒരുക്കുന്നതിലുമാണ് കമ്പനി ഊന്നൽ നൽകുന്നത്.

പ്രതിമാസം 8,000 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിക്കുന്നുണ്ടെന്നും, ഇതോടെ ഇന്ത്യയിലെ ഏഴാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി റിവർ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 120 കോടി രൂപയാണ് നിലവിലെ പ്രതിമാസ വരുമാനം. വിപണിയിൽ 3 ശതമാനം വിഹിതം കരസ്ഥമാക്കാനും കമ്പനിക്കായിട്ടുണ്ട്. മുൻനിരയിലുള്ള ആറു കമ്പനികൾക്ക് മൂന്നിലധികം ഉൽപ്പന്നങ്ങളും അഞ്ഞൂറിലധികം ഷോറൂമുകളും ഉള്ളപ്പോഴാണ്, വെറും ഒരു ഉൽപ്പന്നവും 100 ഷോറൂമുകളും മാത്രം ഉപയോഗിച്ച് റിവർ ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്.

കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇൻവെസ്റ്റിങ് ഓഫിസറുമായ സൗരഭ് മുഖർജി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി തുടങ്ങിയ പ്രമുഖർ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സദസ്സുമായി പങ്കുവെച്ചു.

Travel ⏭️

Back to top button