NEWS

കോഴിക്കോട് മെഡിക്കൽ കോളേജ് എംബിബിഎസ് പരീക്ഷാ ക്രമക്കേട്: വിദ്യാർഥികൾക്ക് പുനർപരീക്ഷ

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് അവസാന വർഷ പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടത്തിയ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതി. കഴിഞ്ഞ ജൂലൈ മാസത്തിൽ കേരള ആരോഗ്യ സർവകലാശാല സംഘടിപ്പിച്ച പരീക്ഷയ്ക്കിടെയാണ് കൂട്ടക്കൊപ്പിയടി ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

ഇതേത്തുടർന്ന്, പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും സംശയമുയർന്ന 32 വിദ്യാർഥികളെയും സർവകലാശാലയുടെ അച്ചടക്ക സമിതി നേരിട്ട് വിളിച്ചുവരുത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർക്ക് സമിതി കർശന താക്കീത് നൽകുകയും ചെയ്തു. ക്രമക്കേട് സ്ഥിരീകരിച്ച 25 വിദ്യാർഥികളുടെ ജനറൽ മെഡിസിൻ പരീക്ഷാഫലം സർവകലാശാല റദ്ദാക്കുകയും, അടുത്ത അവസരത്തിൽ പരീക്ഷ വീണ്ടും എഴുതാൻ ഉത്തരവിടുകയും ചെയ്തു. ഈ നിർദ്ദേശപ്രകാരം തിയറി പരീക്ഷ ഇതിനകം പൂർത്തിയായിട്ടുണ്ട്. ക്ലിനിക്കൽ പരീക്ഷയുടെ തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

Fashion ⏭️

Back to top button