കൊല്ലത്ത് വയോധികനെ റോഡിലൂടെ വലിച്ചിഴച്ചു: ചികിത്സയിലിരിക്കെ മരണം, ദൃശ്യങ്ങൾ പുറത്ത്

കൊല്ലം കരുനാഗപ്പള്ളിയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കാറിടിച്ച് വീണ വയോധികനെയും കൊണ്ട് കാർ യാത്രികൻ ഒന്നര കിലോമീറ്ററോളം ദൂരം മുന്നോട്ട് പോവുകയായിരുന്നു. സാരമായി പരുക്കേറ്റ നിലയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. മരിച്ചയാളെ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കടത്തൂർ സ്വദേശിയായ ഷാജഹാനെ പോലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി വവ്വാക്കാവിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. വയോധികനെ ഇടിച്ചിട്ടും നിർത്താതെ വാഹനം ഓടിച്ചുപോയ ഡ്രൈവർ, കാറിനടിയിൽ കുടുങ്ങിയ ഇദ്ദേഹത്തെ ഒന്നര കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. തന്റെ വീടിന് ഏകദേശം ഇരുന്നൂറ് മീറ്റർ അകലെ വെച്ചാണ് പ്രതി വയോധികനെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.




