ക്രിസ്മസ് വിപണി ലക്ഷ്യമിട്ട കർഷകർക്ക് തിരിച്ചടിയായി വീണ്ടും പക്ഷിപ്പനി

ആലപ്പുഴ ∙ ക്രിസ്മസ് സീസൺ ലക്ഷ്യമിട്ടു കാർഷിക മേഖലയിൽ സജീവമായ കർഷകർക്ക് കനത്ത തിരിച്ചടിയായി പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. അമ്പലപ്പുഴ വടക്ക്, ചെന്നിത്തല പഞ്ചായത്തുകളിലെ ഓരോ ഫാമുകളിൽ രോഗബാധ കണ്ടെത്തിയതോടെ ആശങ്കയിലാണ് അധികൃതരും കർഷകരും. രോഗം സ്ഥിരീകരിച്ച കേന്ദ്രത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ വളർത്തുന്ന 26,000 പക്ഷികളെ ഇന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർമാർജനം ചെയ്യും.
അമ്പലപ്പുഴ വടക്ക് പതിനൊന്നാം വാർഡിലെ ഫാമിലെ കാടകൾക്കും കോഴികൾക്കും, ചെന്നിത്തല ഒന്നാം വാർഡിലെ ഫാമിലെ താറാവുകൾക്കും കോഴികൾക്കുമാണ് രോഗം ബാധിച്ചത്. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സാഹചര്യം വിലയിരുത്തുന്നതിനും തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാ കലക്ടർ ഷാജി വി.നായരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലാണ് പക്ഷി നിർമാർജനം (കള്ളിങ്) അനിവാര്യമായിരിക്കുന്നത്. രോഗബാധിത കേന്ദ്രങ്ങളിൽ നിന്ന് പത്തു കിലോമീറ്റർ വരെയുള്ള പ്രദേശം കർശനമായ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എസ്.ബിജു, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.രാജീവ് തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.




