NEWS
കോട്ടയം-എറണാകുളം അതിവേഗ ഇടനാഴി, വെള്ളൂരിലെ എയിംസ്: കേന്ദ്രാനുമതി തേടി എംപി

കോട്ടയം: ദേശീയപാത 66-നെയും 183-നെയും തമ്മിൽ കൂട്ടിയിണക്കുന്ന കോട്ടയം-എറണാകുളം അതിവേഗ ഇടനാഴി, വെള്ളൂരിൽ നിർദ്ദേശിക്കപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) എന്നിവയുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധയും മുൻഗണനയും വേണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം ചേരാനിരിക്കുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന എംപിമാരുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിഷയങ്ങൾ അവതരിപ്പിച്ചത്.
കോട്ടയത്തിനും കൊച്ചിക്കുമിടയിൽ ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ അതിവേഗ ഇടനാഴി. കോട്ടയം മുളങ്കുഴ ജംക്ഷനിൽനിന്ന് തുടങ്ങി, തൃപ്പൂണിത്തുറയിലെ അങ്കമാലി-കുണ്ടന്നൂർ ബൈപാസുമായി സംഗമിക്കുന്ന രീതിയിലാണ് ഈ പാതയുടെ പ്രാരംഭ രൂപരേഖ തയാറാക്കിയിരിക്കുന്നത്.




