BUSINESS

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒയായി ജൂബി ജോസ് ചുമതലയേൽക്കുന്നു: ചരിത്രത്തിലാദ്യം

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത തലപ്പത്തെത്തുന്നു. പാലക്കാട് സ്വദേശിയായ ജൂബി ജോസിനെയാണ് സ്ഥാപനത്തിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തെ കാലാവധിയിലേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഈ ഡിസംബറോടെ ജൂബി ജോസ് പുതിയ ചുമതലയേൽക്കും. നിലവില്‍ ‘സെക്കന്‍ഡ് കരിയേഴ്സ്’ എന്ന സ്ഥാപനത്തില്‍ ചീഫ് പ്രോഡക്ട് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് ഇവർ.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ നിലവിലെ സിഇഒ അനൂപ് അംബികയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമന നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. 2022 ജൂണിലായിരുന്നു അനൂപ് അംബിക സിഇഒയായി ചുമതലയേറ്റത്. തുടക്കത്തില്‍ മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും, 2025 വരെ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍, ഇനി സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പിൻഗാമിയെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചത്.

പുതിയ സിഇഒയെ കണ്ടെത്തുന്നത് വരെ സ്ഥാനത്ത് തുടരാന്‍ അനൂപ് അംബികയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സിഇഒ സ്ഥാനത്തേക്ക് ആകെ 253 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് യോഗ്യതയുള്ള 13 പേരെ സെലക്ഷന്‍ കമ്മിറ്റി ഇന്റര്‍വ്യൂവിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അഭിമുഖത്തില്‍ 12 പേര്‍ പങ്കെടുത്തു. അന്തിമ ഘട്ടത്തിലേക്ക് മൂന്നു പേരെയാണ് പരിഗണിച്ചത്. ഇതില്‍ രണ്ടാം സ്ഥാനം കാര്‍ത്തിക് പരശുറാം ബാലകൃഷ്ണനും മൂന്നാം സ്ഥാനം സന്തോഷ് സി.സിയും കരസ്ഥമാക്കി. മികവിന്റെ അടിസ്ഥാനത്തില്‍ ഒന്നാം റാങ്ക് നേടിയ ജൂബി ജോസിനെ സിഇഒ ആയി നിയമിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കുന്നു.

Travel ⏭️

Back to top button